കെജിഒഎ സംസ്ഥാന സമ്മേളനം: നിർമിതബുദ്ധിയും ഭരണ നിർവഹണവും സെമിനാർ

കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘നിർമിത ബുദ്ധിയും ഭരണനിർവഹണവും’ സെമിനാർ പാലക്കാട്ട് ഡോ. പി കെ ബിജു ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഒഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘നിർമിത ബുദ്ധിയും ഭരണനിർവഹണവും’ വിഷയത്തിൽ സെമിനാർ നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എ പി അജിത് സമീപനരേഖ അവതരിപ്പിച്ചു. കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ അൻവർസാദത്ത് (നിർമിതബുദ്ധി ഉപയോഗത്തിലെ നൈതികത), ഐസിഎഫ്‌ഒഎസ്‌എസ് ഡയറക്ടർ ഡോ. ടി ടി സുനിൽ(വിദ്യാഭ്യാസത്തിൽ എഐയുടെ പങ്ക്), സി ഡിറ്റ് സയന്റിസ്‌റ്റ് എസ് ബി ബിജു(ഇ –ഗവേണൻസിൽ നിർമിതബുദ്ധിയുടെ പങ്ക്), തിരുവനന്തപുരം എൻജിനിയറിങ് കോളേജ് റിസർച്ച് ഡീൻ ഡോ. സുമേഷ് ദിവാകരൻ (ഇ –ഗവേണൻസിലെ എഐ ഉപയോഗം) എന്നിവർ വിഷയം അവതരിപ്പിച്ചു, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്‌കുമാർ, സ്വാഗതസംഘം ചെയർമാൻ ടി കെ നൗഷാദ് എന്നിവർ സംസാരിച്ചു. കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ സ്വാഗതവും ജില്ലാ സെക്രട്ടറി ആർ സാജൻ നന്ദിയും പറഞ്ഞു. മെയ് 23 മുതൽ 26 വരെ തിരുവനന്തപുരത്താണ് കെജിഒഎ വജ്ര ജൂബിലി സംസ്ഥാനസമ്മേളനം.
സാങ്കേതികവിദ്യയെ ജനോപകാരപ്രദമാക്കണം: പി കെ ബിജു
വ്യവസായിക വിപ്ലവത്തിന്റെ നാലാംതലമുറ ഘട്ടത്തിൽ അതിവേഗം മാറുന്ന സാങ്കേതിക വിപ്ലവത്തെ ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി കെ ബിജു പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ‘നിർമിത ബുദ്ധിയും ഭരണ നിർവഹണവും’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പ്രദായിക തൊഴിൽമേഖലകളിൽ നിർമിതബുദ്ധി വലിയമാറ്റങ്ങൾ കൊണ്ടുവരുന്നു. ഇതിനെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അസമത്വം കൂടുതൽ ശക്തമാകും. നിർമിതബുദ്ധിയെ ജനോപകാരപ്രദമായ മേഖലയിലേക്ക് തിരിച്ചുവിടാനാണ് കേരളം ശ്രമിക്കുന്നത്. സമ്പൂർണ സാക്ഷരതയ്‌ക്കുശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കേരളം കടന്നു. ഇന്റർനെറ്റ് പൗരന്റെ അവകാശമാക്കി, ചെലവ് കുറഞ്ഞ രീതിയിൽ ജനങ്ങൾക്ക് നൽകാൻ കെ– ഫോൺ വികസിപ്പിച്ച് നടപ്പാക്കി. ഐടി നയം നടപ്പാക്കിയതിനൊപ്പം കേരളത്തിന്റെ പുതിയ എഐ നയവും തയ്യാറായി വരുന്നു. ജെൻസി, ജെൻ ആൽഫ തലമുറയുടെ കാലത്ത് കാര്യക്ഷമമായ ഭരണനിർവഹണത്തിൽ നിർമിതബുദ്ധിയുടെ സ്വാധീനവും ഉപയോഗവും പ്രധാനപ്പെട്ടതാണെന്നും പി കെ ബിജു പറഞ്ഞു.










0 comments