ad
Deshabhimani

തലയെടുപ്പേറെയുണ്ടായിരുന്ന 
കവളപ്പാറ കൊട്ടാരം. ദ്രവിച്ച 
മാളികച്ചുവട്‌ മാത്രം ബാക്കി. ഇവിടെ ചരിത്രപഠിതാക്കൾ ഇപ്പോഴുമെത്തുന്നു

ചരിത്രം തുടിക്കും 
ചുവരുകൾ

കവളപ്പാറ കൊട്ടാരത്തിന്റെ ഭാഗമായി അവശേഷിക്കുന്ന മാളിക ചുവട് കെട്ടിടം

കവളപ്പാറ കൊട്ടാരത്തിന്റെ ഭാഗമായി അവശേഷിക്കുന്ന മാളിക ചുവട് കെട്ടിടം

avatar
എം സനോജ്‌

Published on May 16, 2026, 01:36 AM | 2 min read

ഇടിഞ്ഞുവീഴുന്ന ചുമരുകൾ, പൊട്ടിയടരുന്ന ഓടുമേൽക്കൂര, ദ്രവിച്ച തൂണുകൾ, കാടുമൂടിയ ചുറ്റുപാട്‌–ഇത്‌ കവളപ്പാറ കൊട്ടാരത്തിന്റെ മാളികച്ചുവട്‌. പോയകാല പ്ര‍ൗഢിയുടെ ബാക്കിപത്രം. തലയെടുപ്പേറെയുണ്ടായിരുന്ന കൊട്ടാരത്തിന്റെ അവശേഷിപ്പുതേടി ഇപ്പോഴുമെത്തുന്നു പഠിതാക്കളും സഞ്ചാരികളും. കവളപ്പാറ കൊട്ടാരത്തിനുകീഴിൽ 96 ദേശങ്ങളുണ്ടാരുന്നു. തെക്ക്- ഭാരതപ്പുഴ, വടക്ക് - മുണ്ടക്കോട്ടുകുറുശി, കിഴക്ക് - കണ്ണിയംപുറംതോട്, പടിഞ്ഞാറ് - ഓങ്ങല്ലൂർ മാട് എന്നിവയായിരുന്നു അതിരുകൾ. കവളപ്പാറ സ്വരൂപത്തിന്റെ ഉത്ഭവം എ ഡി 1090നും 1120നും ഇടയിലാണെന്നാണ്‌ ചരിത്രരേഖകൾ. കുലശേഖര പെരുമാളിന്റെ ഭരണകാലത്താണിത്‌ പണിതത്‌. ഇപ്പോഴുള്ള കൊട്ടാരത്തിന്‌ 400 വർഷത്തെ പഴക്കമാണ് രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാൽ, ഓട് പ്രചാരത്തിലാകുന്നതിനുമുന്പും വൈക്കോൽ മേഞ്ഞ നാലുകെട്ട് ഉണ്ടായിരുന്നു. അതേപ്പറ്റി ആരും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. കൊട്ടാരത്തിന്‌ കീഴിലായിരുന്നു വാണിയംകുളം ചന്തയുടെ പ്രവർത്തനം. 1884ൽ സ്‌കൂളും 1910ൽ വായനശാലയും സ്ഥാപിച്ചു. വിദ്യാലയത്തിൽ സവർണർക്കും അവർണർക്കും പഠിക്കാൻ അവസരമൊരുക്കിയിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1910ൽ കേണൽ അപ്പുക്കുട്ടനുണ്ണി മൂപ്പിൽ നായർക്കാണ് കൊട്ടാരത്തിന്റെ ചുമതല നൽകിയത്. ആ കാലത്താണ് കൊട്ടാരം വികസിച്ചത്. മൂപ്പിൽനായർ ​ 1925ൽ അന്തരിച്ചതോടെ കൊട്ടാരത്തിന്റെ അധഃപതനവും തുടങ്ങി. പിന്നീട്‌ മക്കത്തായ– മരുമക്കത്തായ കേസിൽ കുടുങ്ങി. 1930-–32കളിലാണ് കേസുണ്ടാകുന്നത്.1964ൽ കോടതി ഏറ്റെടുത്തു. ഇപ്പോഴും കൊട്ടാരവും സ്ഥലവും കോടതി നിയോഗിച്ച റിസീവർ ഭരണത്തിലാണ്. 12,000 ചതുരശ്ര അടിയായിരുന്നു കൊട്ടാരത്തിന്റെ വിസ്‌തൃതി. വിശ്രമമന്ദിരം, അശുദ്ധിയായ സ്ത്രീകൾക്ക് താമസിക്കാനുള്ള മാളികച്ചുവട്, നാലുകെട്ട് എന്നിവയുണ്ടായിരുന്നു. മാളികച്ചുവട് മാത്രമാണ് കെട്ടിടമായി നിലനിൽക്കുന്നത്. അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ഇ‍ൗ അവശേഷിപ്പും നശിക്കുകയാണ്‌. ​കേരളത്തിലെ മൂന്ന്‌ സർവകലാശാലകളിലെ ചരിത്ര വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതിയാണ് കവളപ്പാറ കൊട്ടാര ചരിത്രം. ചരിത്രരചയിതാവ്‌ ഡോ. കെ കെ എൻ കുറുപ്പ് കൊട്ടാരത്തിനെക്കുറിച്ച്‌ പുസ്‌തകം എഴുതിയിട്ടുണ്ട്‌. ഇതിനുപുറമേ ഒ പി ബാലകൃഷ്ണൻ എഴുതിയ കവളപ്പാറ ചരിത്രവും പൈതൃകവും, കവളപ്പാറ പെരുമ എന്നീ ഗ്രന്ഥങ്ങളുമുണ്ട്‌.

സ്‌ക്രീനിലും നിറഞ്ഞു

കവളപ്പാറ കൊട്ടാരം ഒരുകാലത്ത്‌ ചലച്ചിത്ര ചിത്രീകരണത്തിന്റെ അവിഭാജ്യഘടകമായിരുന്നു. മുറപ്പെണ്ണ്‌, ധർമയുദ്ധം, നിർമാല്യം, ഇരുട്ടിന്റെ ആത്മാവ്‌, അസുരവിത്ത്, ശ്രീകൃഷ്ണപരുന്ത്, ശ്രീ അയ്യപ്പൻ തുടങ്ങി നൂറോളം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അനന്തഭദ്രം, രുദ്രസിംഹസാനം, മാമാങ്കം തുടങ്ങി നിരവധി സിനിമകൾ മാളികച്ചുവടിലും ചിത്രീകരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home