ad
Deshabhimani

പാപ്കോസിന്‌ 71.81 കോടി

ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഉണർവേകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ശിവദാസ്‌ തച്ചക്കോട്‌

Published on Mar 07, 2026, 01:45 AM | 1 min read

വടക്കഞ്ചേരി

സഹകരണ മേഖലയിൽ കണ്ണമ്പ്രയിൽ ആരംഭിക്കുന്ന അത്യാധുനിക മോഡേൺ റൈസ് മിൽ പാപ്‌കോസിന്‌ സർക്കാർ 71.81 കോടി അനുവദിച്ചത്‌ ജില്ലയിലെ കാർഷിക മേഖലയ്‌ക്ക്‌ ഉണർവേകും. മോഡേൺ റൈസ് മിൽ യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ മാത്രമല്ല സമീപ ജില്ലകളിലുള്ള കർഷകർക്കും സഹായകമാകും. നെല്ലുസംഭരണം കാര്യക്ഷമമാക്കാനും സ്വന്തം ബ്രാൻഡ്‌ ഉൽപ്പാദിപ്പിക്കാനുമാണ്‌ 25 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ചേർന്ന് പാഡി പ്രൊക്യുർമെന്റ്‌ പ്രോസസിങ് ആൻഡ്‌ മാർക്കറ്റിങ്‌ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി (പാപ്‌കോസ്) രൂപീകരിച്ചത്. സഹകരണ സംഘങ്ങൾ ചേർന്ന് 13.70 കോടി ഓഹരിയായി സമാഹരിച്ചു. ആധുനിക റൈസ് മിൽ നിർമിക്കാൻ കണ്ണമ്പ്ര മാങ്ങോട്ടിൽ 26.66 ഏക്കർ സ്ഥലം വാങ്ങി. സാന്പത്തിക പ്രതിസന്ധിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടൽ. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്‌ചറൽ ഡെവലപ്‌ന്റ്‌ ഫണ്ട് (ആർഐഡിഎഫ്) പദ്ധതി പ്രകാരമാണ് 71.81 കോടി അനുവദിച്ചത്. ഇനി ടെൻഡർ നടപടി പൂർത്തിയാക്കി മോഡേൺ റൈസ് മില്ലിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമാണത്തിലേക്ക്‌ കടക്കും. കർഷകരിൽനിന്ന്‌ നേരിട്ട് നെല്ല് സംഭരിച്ച് അരിയാക്കി വിപണിയിലെത്തിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. സർക്കാർ തുക അനുവദിച്ചത് സന്തോഷമുണ്ടെന്ന് പാപ്കോസ് പ്രസിഡന്റ്‌ എം ചെന്താമരാക്ഷൻ പറഞ്ഞു.


വേഗത്തിൽ പൂർത്തിയാക്കും

പാപ്കോസിനായി സർക്കാർ തുക അനുവദിച്ചത് കർഷകർക്ക് ആശ്വാസമാണ്. കർഷകർക്ക് മികച്ച വില ഉടൻ ഉറപ്പാക്കാനാകും. ഗുണമേന്മയുള്ള അരി ന്യായ വിലയ്‌ക്ക് വിപണിയിൽ എത്തിക്കാനും കഴിയും. പദ്ധതി അതിവേഗം പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കും.

-പി പി സുമോദ് എംഎൽഎ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home