പാലക്കാട് കൊട്ടേക്കാടിനടുത്തുള്ള കാഞ്ഞിരക്കടവ് ബ്രിട്ടീഷ് പാലത്തിന് 165 വർഷത്തിന്റെ കഥകൾ പറയാനുണ്ട്
മഴവില്ലഴകില്‍ സമരചരിത്രം

കൊട്ടേക്കാട് കാഞ്ഞിരക്കടവ് ബ്രിട്ടീഷ് പാലം

സായൂജ് ചന്ദ്രൻ
Published on Jul 28, 2026, 07:39 PM | 1 min read
പാലക്കാട്
മഴക്കാറ് മൂടിയ ആകാശത്തിന് താഴെ കൽപ്പാത്തിപ്പുഴയ്ക്ക് കുറുകെ മഴവില്ലുപോലെ വളഞ്ഞുനിൽക്കുന്ന ഒരു പാലം. അതിലൂടെ ചൂളമടിച്ചോടുന്ന ട്രെയിനുകൾ. പശ്ചാത്തലത്തിൽ തലയുയർത്തി നിൽക്കുന്ന പശ്ചിമഘട്ട മലനിരകൾ. പാലക്കാട് കൊട്ടേക്കാടിനടുത്തുള്ള കാഞ്ഞിരക്കടവ് ബ്രിട്ടീഷ് പാലം ഏതൊരു പ്രകൃതിസ്നേഹിയുടെയും മനംകവരുന്ന ദൃശ്യവിസ്മയമാണ്. എന്നാൽ കണ്ണിന് ആനന്ദം പകരുന്ന ഗ്രാമീണ കാഴ്ചകൾക്കപ്പുറം, 165 വർഷത്തെ ചരിത്രവും പോരാട്ടത്തിന്റെ ചോരമണക്കുന്ന ഓർമകളും ഈ കൽത്തൂണുകളിൽ ഉറങ്ങിക്കിടപ്പുണ്ട്.
വാസ്തുവിദ്യയുടെ വിസ്മയം
കൽപ്പാത്തിപ്പുഴയുടെ കുറുകെ മുപ്പതടി വീതം നീളമുള്ള 15 കൽ-ആർച്ചുകളോടെയാണ് ഭീമൻ പാലം തലയെടുപ്പോടെ നിൽക്കുന്നത്. രാജ്യത്തെ ഏറ്റവും പഴയ റെയിൽവേ പാലങ്ങളിലൊന്നാണിത്. മദ്രാസ് പ്രസിഡൻസിയെയും മലബാറിനെയും ബന്ധിപ്പിക്കുന്നതിനായി 1860-കളിലാണ് അന്നത്തെ ബ്രിട്ടീഷ് കമ്പനി ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ചരക്കുഗതാഗതവും യാത്രാസൗകര്യവും വർധിപ്പിച്ച് തങ്ങളുടെ സാമ്രാജ്യത്വ ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ഇന്ന് ഗ്രാമഭംഗി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും കൊളോണിയൽ ചരിത്രം പഠിക്കാനുമായി നിരവധിപേരാണ് ഇവിടെയെത്തുന്നത്.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ തീച്ചൂളയിൽ
പാലത്തിന് പറയാനുള്ളത് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥ കൂടിയാണ്. 1942-ലെ ക്വിറ്റ് ഇന്ത്യ സമരസമയത്ത് മദ്രാസിൽനിന്ന് ആയുധങ്ങൾ നിറച്ച 22 വാഗണുകളുള്ള ഒരു ബ്രിട്ടീഷ് ചരക്കുവണ്ടി ഇതുവഴി വരുന്നുണ്ടെന്നറിഞ്ഞ അഞ്ച് ധീരയുവാക്കൾ ഒത്തുചേർന്നു. ട്രെയിൻ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അവർ കാഞ്ഞിരക്കടവ് പാലത്തിന്റെ ഫിഷ് പ്ലേറ്റുകൾ ഊരിമാറ്റി. എന്നാൽ അവരുടെ ശ്രമം വിഫലമാക്കിക്കൊണ്ട് ആയുധവണ്ടി പാലം കടന്നുപോയി. അട്ടിമറിശ്രമം അറിഞ്ഞ ബ്രിട്ടീഷ് പട്ടാളം കൊട്ടേക്കാട് മുക്രംകാട് ഗ്രാമത്തിൽ ഇരച്ചുകയറി. ഓരോ വീടുകളിലും പ്രതികൾക്കായി അരിച്ചുപെറുക്കി. നാട്ടുകാരെ ഒന്നടങ്കം ക്രൂരമായി മർദിച്ചു. ഈ സംഭവത്തിന് ദിവസങ്ങൾക്കുള്ളിൽ തിരുവാലത്തൂരിൽ ആളൊഴിഞ്ഞ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു. രാജ്യമാകെ നടുങ്ങിയ ഈ സംഭവം ചരിത്രത്തിൽ "തിരുവാലത്തൂർ ബോംബ് കേസ്’ എന്നാണ് അറിയപ്പെടുന്നത്. വെറുമൊരു ദൃശ്യവിരുന്നോ ഗതാഗതമാർഗമോ മാത്രമല്ല കാഞ്ഞിരക്കടവ് പാലം. വ്യവസായത്തിന്റെയും അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രം പേറുന്ന പാലത്തിന്റെ കഥ പുതിയ തലമുറയിലേക്ക് പകർന്നുനൽകേണ്ടത് കാലത്തിന്റെ ആവശ്യമാണ്.










0 comments