വരവായി രഥോത്സവം; ഇന്ന് കൊടിയേറ്റം

പാലക്കാട്
കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം. വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇൗണവും ആഘോഷത്തിന് അകമ്പടിയാകും. ഭേദങ്ങളില്ലാതെ ഒരുമയുടെ ഉത്സവത്തിന് തുടക്കംകുറിച്ച് കൽപ്പാത്തിയിൽ നാല് ക്ഷേത്രങ്ങളിലും ഞായറാഴ്ച കൊടിയേറും. പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 9.30നും 11.45നും ഇടയ്ക്കാണ് കൊടിയേറ്റം. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ക്ഷേത്രങ്ങളിലും വൈകിട്ട് അലങ്കാരവും രാത്രി എഴുന്നള്ളത്തും നടക്കും. രഥോത്സവത്തിന് കൊടിയേറിക്കഴിഞ്ഞാൽ ഗ്രാമവീഥിയിൽ അഞ്ചാംദിനം അർധരാത്രിയിൽ നടക്കുന്ന ദേവതാ സംഗമം സവിശേഷമാണ്. 12നാണ് അഞ്ചാംതിരുനാൾ ആഘോഷം. ക്ഷേത്രങ്ങളിൽനിന്നുള്ള അലങ്കരിച്ച അഞ്ച് ചെറുരഥങ്ങളിൽ ഗ്രാമവീഥികളിലൂടെ സഞ്ചരിച്ച് പുതിയ കൽപ്പാത്തി ജങ്ഷനിൽ രാത്രി 11.30 മുതൽ 12.30 വരെ സംഗമിക്കും. ദേവതാസംഗമസ്ഥാനത്ത് അനേകം കലാകാരന്മാർ അണിനിരക്കുന്ന നാഗസ്വര, തകിൽ മേളവും ചെണ്ടമേളവും അരങ്ങേറും. രഥസംഗമസ്ഥാനത്ത് ജനസഞ്ചയം ഒഴുകിയെത്താറുണ്ട്. പാലക്കാട്ടെയും പരിസരങ്ങളിലെയും ഏറ്റവും വലിയ വാണിജ്യ ഉത്സവംകൂടിയാണ് രഥോത്സവം. തമിഴ്‌നാട്ടിൽനിന്നടക്കമുള്ളവർ വഴിയോരക്കച്ചവടം ലക്ഷ്യമിട്ട് കൽപ്പാത്തിയിലേക്ക് എത്തിത്തുടങ്ങി. നിരത്തുകളും ജനനിബിഡമായി. 14,15, 16 തീയതികളിലാണ് രഥോത്സവം. കൽപ്പാത്തി രഥോത്സവത്തോടെ ജില്ലയിലെ അഗ്രഹാരക്ഷേത്രങ്ങളിൽ ആറുമാസം നീളുന്ന ഉത്സവങ്ങൾക്ക് തുടക്കമാകും.








0 comments