കൽപ്പാത്തി രഥോത്സവത്തിൽ പൈതൃക മ്യൂസിയവും

കൽപ്പാത്തി ചാത്തപുരത്തുള്ള മ്യൂസിയത്തിലെ ഗ്യാലറികളിലൊന്ന്
പാലക്കാട്
കൽപ്പാത്തി രഥോത്സവം ആകർഷകമാക്കാൻ ജില്ലാ പൈതൃക മ്യൂസിയം ഒരുങ്ങി. രഥോത്സവത്തിനെത്തുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പാലക്കാടിന്റെ ചരിത്രവും കാർഷിക സംസ്കാരവും സംഗീത പാരമ്പര്യവും തൊട്ടറിയാനുള്ള അവസരമാണ് കൽപ്പാത്തി ചാത്തപുരത്തുള്ള മ്യൂസിയം. 2021 ഫെബ്രുവരി 11-ന് അന്നത്തെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിൽ, പാലക്കാടിന്റെ കാർഷിക പശ്ചാത്തലവും സംഗീത-കലാ പാരമ്പര്യങ്ങളും സമന്വയിപ്പിച്ച് ആറ് ഗാലറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഉത്ഭവം, ഉദയം, മരതകം, ഉത്സവം, നവരസം, പുരാണം എന്നിങ്ങനെ തിരിച്ചാണ് ഗ്യാലറികൾ. മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോൾ സന്ദർശകരെ സ്വീകരിക്കുന്നത് ഉത്ഭവം ഗ്യാലറിയാണ്. പഞ്ചവാദ്യത്തിന്റെ ഉത്ഭവ ചരിത്രവും കരിമ്പനകളും നെൽപ്പാടങ്ങളും പാലക്കാടൻ കാറ്റും ഉൾപ്പെടുത്തിയ ആമുഖ വീഡിയോയും പ്രദേശത്തിന്റെ തനിമ വ്യക്തമാക്കുന്ന ചിത്രീകരണവും ഇവിടെ ഒരുക്കിയിരിക്കുന്നു. തൊട്ടടുത്തുള്ള ഉദയം ഗ്യാലറിയിൽ ചിങ്ങം, കന്നി, തുലാം മാസങ്ങളിലെ പ്രധാന ആഘോഷങ്ങളായ ഓണം, നവരാത്രി, കൽപ്പാത്തി രഥോത്സവം എന്നിവയോടൊപ്പം കഥകളി, തെയ്യം, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളും ദൃശ്യവൽക്കരിച്ചിരിക്കുന്നു. സർപ്പാരാധനയും കളമെഴുത്തും പാട്ടും അവയ്ക്കുള്ള വാദ്യോപകരണങ്ങളും ഗ്യാലറിയിലുണ്ട്. തുടർന്നുള്ള മാസങ്ങളിലെ ഗ്രാമീണ ജീവിതത്തിലേക്ക് നയിക്കുന്നത് മരതകം ഗ്യാലറിയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന പാലക്കാട്ടെ ആദിവാസി വിഭാഗങ്ങളായ മലയർ, ഇരവാളർ, ഇരുളർ എന്നിവരുടെ ജീവിതരീതികളും കലകളും വാദ്യോപകരണങ്ങളും ഇവിടെ പരിചയപ്പെടാം. മകരം മുതൽ മേടംവരെയുള്ള ഉത്സവകാലത്തെ അടയാളപ്പെടുത്തുന്ന ഉത്സവം ഗ്യാലറിയിൽ ഒപ്പന, ദഫ്മുട്ട്, അർബനമുട്ട്, നേർച്ച എന്നിവയോടൊപ്പം വേല, പൂരം, കുതിരയെടുപ്പ്, രഥോത്സവം എന്നിവയുടെ ആവിഷ്കാരങ്ങളും കാണാം. അടുത്തതായി തുള്ളൽ, തോൽപ്പാവക്കൂത്ത്, പൊറാട്ടുനാടകം എന്നിവയുടെ വസ്ത്രാലങ്കാരങ്ങളും പിന്നണി വാദ്യശേഖരങ്ങളും പരിചയപ്പെടുത്തുന്ന നവരസം ഗ്യാലറിയാണ്. അവസാന ഗ്യാലറിയായ പുരാണത്തിൽ ടച്ച് സ്ക്രീൻ കിയോസ്കുകളും ദൃശ്യ-–ശ്രവ്യ ഗൈഡുകളും ഒരുക്കിയിരിക്കുന്നു. ഡിജിറ്റൽ കലാശേഖരവും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ചൊവ്വ മുതൽ ഞായർവരെ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രവർത്തനം. തിങ്കളാഴ്ചകളും ദേശീയ അവധി ദിവസങ്ങളും ഒഴികെയുള്ള ദിവസങ്ങളിൽ മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് അഞ്ച് രൂപയുമാണ് പ്രവേശന ഫീസ്.








0 comments