കബഡി കോർട്ടിൽ തിളങ്ങാൻ സനയയും അഭിനയയും


സ്വന്തം ലേഖകൻ
Published on Sep 22, 2026, 01:11 AM | 1 min read
അഗളി
പരിമിതികൾ പഴങ്കഥയാക്കി കബഡി കോർട്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് അഗളി ഗവ. ഹൈസ്‌കൂളിലെ പെൺകുട്ടികൾ. എട്ടാം ക്ലാസ് വിദ്യാർഥിനികളായ ടി കെ സനയയും പി അഭിനയയുമാണ് മികവിലൂടെ സംസ്ഥാന കബഡി ടീമിൽ ഇടംനേടിയത്. സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ലയ്‌ക്കുവേണ്ടി കളത്തിലിറങ്ങിയ അഗളി സ്‌കൂളിലെ താരങ്ങളുടെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സബ് ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്‌സ് വിഭാഗങ്ങളിൽ ജില്ലാ ടീം രണ്ടാംസ്ഥാനം നേടിയപ്പോൾ നിർണായക പങ്കുവഹിച്ചത് ഇവരായിരുന്നു. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ സനയ, അഭിനയ എന്നിവർക്കൊപ്പം വർഷയും ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥിയായ മുഹമ്മദ് ആമിറും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഈ പ്രകടനമാണ് സനയയ്ക്കും അഭിനയയ്ക്കും സംസ്ഥാന ടീമിലേക്കുള്ള വഴിതുറന്നത്. സ്‌കൂളിലെ കായികാധ്യാപിക ശ്രീവള്ളിയുടെ പരിശ്രമവും ഇതിനുപിന്നിലുണ്ട്. സംസ്ഥാന തലത്തിൽ ജാവലിൻ ത്രോയിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ ശ്രീവള്ളിയുടെ കീഴിലുള്ള മികച്ച പരിശീലനമാണ് കുട്ടികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തിയത്. പിടിഎയുടെയും സഹാധ്യാപകരുടെയും പിന്തുണയും കുട്ടികൾക്ക് കരുത്തായി മാറുന്നുണ്ട്.










0 comments