ad
Deshabhimani

ഓച്ചിറ കാളകെട്ടുത്സവം നാളെ: 
ഒരുക്കം പൂർത്തിയായി

കെട്ടുകാള
വെബ് ഡെസ്ക്

Published on Sep 22, 2026, 01:32 AM | 1 min read

സ്വന്തം ലേഖകന്‍

കരുനാഗപ്പള്ളി ഓണാട്ടുകരയെ ആവേശത്തിമിർപ്പിലാക്കുന്ന ഓച്ചിറ കാളകെട്ടുത്സവത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. 182 കെട്ടുകാളയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് കൂടാതെ നേർച്ചയായി എത്തുന്ന ചെറുകാളകളും നേർച്ചക്കാളുകളും എല്ലാം ഉൾപ്പെടെ 200ൽ അധികം കെട്ടുകാഴ്ചകൾ പടനിലത്തേക്ക് എത്തും. 52 കരകളിലും തങ്ങളുടെ നന്ദികേശന്മാരെ കെട്ടിയൊരുക്കുന്ന അവസാന മിനുക്കുപണികൾ പൂർത്തിയാകുകയാണ്. 50 അടിക്കു മുകളിൽ പൊക്കമുള്ള വലിയ കെട്ടുകാളകൾ വൈകിട്ട് നാലിനുമുന്പും ബാക്കിയുള്ളവ രാത്രി ഏഴിനുമുന്പും പടനിലത്തേക്ക് പ്രവേശിക്കണമെന്ന് നിർദേശം നൽകി. കെട്ടുകാളകളുടെ വലിപ്പവും നിർമാണവും നേരിട്ട് വിലയിരുത്തുന്നതിനായി നിർവഹണ സമിതിയുടെയും പ്രവർത്തകസമിതിയുടെയും അംഗങ്ങളുടെ നേതൃത്വത്തിൽ 52 കരകളിലും സന്ദർശനം ആരംഭിച്ചു. കാളകെട്ടുത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് വൈദ്യുതി വിച്ഛേദിക്കുന്നതുമൂലം പടനിലവും പരിസരപ്രദേശങ്ങളും ഇരുട്ടിൽ ആകുന്നത് ഒഴിവാക്കാന്‍ ജനറേറ്ററുകളുടെ സഹായത്തോടെ സംവിധാനം ഒരുക്കും. ഓച്ചിറ പടനിലത്ത് എത്തുന്ന ലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷ മുൻനിർത്തി അഞ്ചുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഇത്തവണ എടുത്തിട്ടുണ്ട്. സിസിടിവികളും ഡ്രോൺ സംവിധാനവും സജ്ജീകരിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസ്, അഗ്നിരക്ഷാസംവിധാനങ്ങൾ, പൊലീസ്, - വളന്റിയർ സേവനങ്ങളും ശക്തമാക്കും. പാർക്കിങ്ങിന് ദേശീയപാത നിർമാണം നടക്കുന്ന ഒഴിഞ്ഞസ്ഥലങ്ങൾ ഉപയോഗപ്പെടുത്തും. സുരക്ഷ മുൻനിർത്തി ആലപ്പുഴ, കൊല്ലം കലക്ടർമാരുടെ നേതൃത്വത്തിൽ യോഗം നിരവധി തവണ ചേർന്നു. മൂന്ന് താലൂക്കുകളിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കെട്ടുത്സവം സമാപിച്ചാലും 27വരെ നന്ദികേശന്മാരെ പൊതുജനങ്ങൾക്ക് കാണുന്നതിനായി ഓച്ചിറ ക്ഷേത്ര പരിസരത്ത് പ്രദർശിപ്പിക്കും. കെട്ടുകാള സമിതികൾക്കുള്ള പാരിതോഷികം ഇത്തവണ വർധിപ്പിച്ചു. ഇത്തവണ ആദ്യമായി ക്ഷേത്രത്തിൽ കാളയൂട്ട് ചടങ്ങും സംഘടിപ്പിക്കും. ബുധൻ രാവിലെ 8.30ന് കിഴക്കേ ആൽത്തറയുടെ സമീപം ശബരിമല മുൻ മേൽശാന്തി മാവേലിക്കര തുരുത്തിഇല്ലത്ത്‌ ഈശ്വരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് രാജീവ് കടകംപള്ളി, സെക്രട്ടറി ബി എസ് വിനോദ് എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home