കരിമ്പ മൂന്നേക്കറിൽ നാശംവിതച്ച് കാട്ടാന

കരിമ്പ മൂന്നേക്കർ ചുള്ളിയാംകുളം ഹോളി ഫാമിലി കോൺവന്റിനോടുചേർന്നുള്ള സ്ഥലത്ത് കാട്ടാന കൃഷി നശിപ്പിച്ചപ്പോൾ
കരിമ്പ
ജനവാസമേഖലയായ കരിമ്പ മൂന്നേക്കറിൽ നാശം വിതച്ച് കാട്ടാന. ചുള്ളിയാംകുളം ഹോളി ഫാമിലി കോൺവന്റിനോടുചേർന്നുള്ള സ്‌ഥലത്ത് വൈദ്യുതവേലി തകർത്ത ശേഷമാണ് ശനിയാഴ്‌ച പുലർച്ചേ ആനകളിറങ്ങിയത്. വാഴ, മരച്ചീനി തുടങ്ങിയ വിളകൾ വൻതോതിൽ നശിപ്പിച്ചു. ജനവാസ മേഖലയിൽ പോലും കാട്ടാനകളെത്തി കൃഷിനാശം വരുത്തുന്നത് തടയുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരാജയമാണെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസത്തിലേറെയായി രണ്ട് കൊമ്പനാനകൾ പ്രദേശങ്ങളിൽ വൻതോതിലുള്ള കൃഷി നശിപ്പിക്കുന്നത് തുടർന്നിട്ടും ഇവയെ തുരത്താൻ നടപടിയില്ല. രാത്രിയിൽ ആന ജനവാസ മേഖലയിലെത്തിയ വിവരം അറിയിച്ചാൽ വനം വകുപ്പിന്റെ പ്രത്യേക ദ്രുതകർമസേന മണ്ണാർക്കാട് നിന്നും എത്തുമ്പോഴേയ്ക്കും കാട്ടാനകൾ കൃഷിയൊന്നാകെ നശിപ്പിച്ച് സ്‌ഥലം വിടുകയാണെന്നും നാട്ടുകാർ പറയുന്നു. വൈദ്യുതി വേലി സ്ഥാപിച്ചിട്ടില്ലാത്ത മുണ്ടനാട്, കരിമല, ചെറുമല ഭാഗങ്ങളിലൂടെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. കാട്ടാന ശല്യത്തിന് പുറമേ പുലി, കടുവ തുടങ്ങിയവിൽനിന്നുള്ള ആക്രമണവും പ്രദേശവാസികൾ നേരിടുന്നുണ്ട്. തുടർച്ചയായി വളർത്തുമൃഗങ്ങളെ പുലിപിടിച്ച് കൊണ്ടുപോയിട്ടും അവയെ കുടുക്കാൻ കൂട് സ്ഥാപിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇൗ സാഹചര്യത്തിൽ വനംവകുപ്പിന്റെ അനാസ്ഥക്കെതിരെ ജനകീയ സമരത്തിനൊരുങ്ങുകയാണ് മൂന്നേക്കർ നിവാസികൾ.










0 comments