ad
Deshabhimani

ഗവർണർ വകുപ്പ് മേധാവികളുമായി നടത്തിയ യോഗം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി; അതൃപ്തിയറിയിച്ച് ലോക്ഭവന് കത്ത്

v d satheesan
വെബ് ഡെസ്ക്

Published on Jun 18, 2026, 09:00 PM | 1 min read

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഗവർണറുടെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സംസ്ഥാനത്ത് സമാന്തര ഭരണത്തിനാണ് ശ്രമിക്കുന്നതെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയത്. ഗവർണർ യോഗം വിളിച്ച കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.


വിഷയം വിവാദമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ആരാഞ്ഞു. ഇത് പ്രത്യേക യോഗമായിരുന്നില്ലെന്നും ആശയവിനിമയം മാത്രമാണ് നടന്നതെന്നുമാണ് ഗവർണറുടെ സെക്രട്ടറി വിശദീകരിച്ചത്. എങ്കിലും, ഇത്തരം യോഗങ്ങൾ സർക്കാരിന്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതാണെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും കാണിച്ച് സർക്കാരിന്റെ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ചീഫ് സെക്രട്ടറി രാജ്ഭവന് കത്ത് നൽകിയിട്ടുണ്ട്.


എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കാതെ ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്തയപ്പിച്ച് തടിയൂരുകയാണ് ചെയ്തതെന്ന് ആക്ഷേപമുണ്ട്. ഗവർണർ നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് സംഘപരിവാറിനോടുള്ള വിധേയത്വം കാരണമാണെന്നും സംസ്ഥാനത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് രാത്രിയോടെ പത്രക്കുറിപ്പിലൂടെ വിശദീകരണം നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home