ഒരുമാസത്തിനിടെ 80 രൂപയുടെ വർധന
കാലിത്തീറ്റയിൽ പൊള്ളി കർഷകർ

അഖില ബാലകൃഷ്‍ണന്‍
Published on May 12, 2026, 12:00 AM | 2 min read
പാലക്കാട്
തവിടിനും സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്‌ക്കും വില കൂടിയതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. വിവിധ ബ്രാൻഡുകളുടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1,300 മുതൽ 1,500-ന് മുകളിലാണ് വിപണിയിലെ വില. 30 മുതൽ 80 രൂപവരെയാണ് ചാക്കൊന്നിന് ഒരു മാസത്തിനിടെ വർധിച്ചത്. സംസ്ഥാനത്ത് പാലിന്റെ സംഭരണവിലയും വില്‍പ്പനവിലയും കൂട്ടാന്‍ മില്‍മ സർക്കാരുമായി ചർച്ച തുടരുന്നതിടെയാണ് സ്വകാര്യകമ്പനികൾ തീറ്റയ്ക്ക് വിലകൂട്ടിയത്. ജില്ലയിലെ 332 ക്ഷീരസംഘങ്ങൾ വഴി പ്രതിദിനം ഏകദേശം മൂന്നര ലക്ഷം ലിറ്റർ പാലാണ് ഉൽപ്പാദിപ്പിക്കുന്നത്. ക്ഷീര പരിപാലന ചെലവിന്റെ 60 മുതൽ -70 ശതമാനവും തീറ്റയ്ക്കാണ്. ഒരു ലിറ്റർ പാലുൽപ്പാദനത്തിന് 400 ഗ്രാം കാലിത്തീറ്റ എന്നാണ് കണക്ക്. വില കൂടിയതോടെ ഒരു പശുവിനെ വളർത്താൻ ശരാശരി 350 രൂപയോളം ദിവസവും ചെലവ് വരുന്നുണ്ടെന്ന് കർഷകർ പറയുന്നു. കാലിത്തീറ്റയ്ക്ക് ആവശ്യമായ ചോളം, സോയാബീൻ, പരുത്തിപ്പിണ്ണാക്ക്, ഗോതമ്പുതവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനയാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കേരളത്തിൽ ഉൽപ്പാദനം കുറവായതിനാൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് ഗതാഗതച്ചെലവ് വർധിക്കാനും കാരണമാകുന്നു. ഇന്ധനവില വർധനയും അന്താരാഷ്ട്ര വിപണിയിലെ ഡിമാൻഡും തിരിച്ചടിയായിട്ടുണ്ട്. ആശ്വാസമായി മിൽമ സബ്‌സിഡി 2019ൽ ഉണ്ടായിരുന്നതിനേക്കാൾ വിലക്കുറവിലാണ് മിൽമ കാലിത്തീറ്റ വിൽക്കുന്നത്. മിൽമയുടെ ഗോമതി ഗോൾഡ് ചാക്കൊന്നിന് 300 രൂപവരെ സബ്‌സിഡിയുണ്ട്. വിപണിയിൽ 1,550 രൂപ വിലയുള്ള കാലിത്തീറ്റ 1,250 രൂപയ്ക്ക് ലഭിക്കും. അതായത്, ഒരു ലിറ്റർ പാലുൽപ്പാദനത്തിൽ 2.40 രൂപയുടെ ആനുകൂല്യം കർഷകന് ലഭിക്കും. അസംസ്കൃത വസ്തുക്കളുടെ വില വർധിക്കുമ്പോഴും പാലിന് വിലകൂട്ടുന്നതുവരെ കർഷകർക്ക് സഹായമായി സബ്‌സിഡി തുടരാനാണ് തീരുമാനമെന്ന് മിൽമ മലബാർ മേഖലാ ചെയർമാൻ കെ എസ് മണി പറഞ്ഞു. ഇൗ വർഷത്തെ സംസ്ഥാന ബജറ്റിൽ കാലിത്തീറ്റ സബ്‌സിഡിക്കായി ഏകദേശം എട്ട് കോടി രൂപയാണ് വകയിരുത്തിയത്. എംഎസ്‌ഇപി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 2, 5, 10 എന്നിങ്ങനെ ഡെയറി യൂണിറ്റുകൾ സ്ഥാപിക്കാനും കറവയന്ത്രം വാങ്ങാനും സബ്‌സിഡികളും പദ്ധതികളും എൽഡിഎഫ് സർക്കാർ നടപ്പാക്കി. കേരള ഫീഡ്‌സിന്റെ എലൈറ്റ് കാലിത്തീറ്റയ്ക്ക് 1,455-നും മിടുക്കിക്ക് 1,285നും ഇടയിലാണ് വില. ചൂടും വെല്ലുവിളിയായി ജില്ലയിൽ ഇൗ വർഷം അനുഭവപ്പെട്ട കനത്ത ചൂടും കർഷകർക്ക് വെല്ലുവിളിയായി. ഏപ്രിലിൽമാത്രം ചൂട് താങ്ങാനാകാതെ വിവിധയിടങ്ങളിൽ ജില്ലയിൽ ഏഴ് പശുക്കൾ ചത്തു. മൃഗങ്ങൾക്കുണ്ടാകുന്ന ചൂട് സമ്മർദത്തിന് പുറമേ കുടിവെള്ള ക്ഷാമവും തീറ്റപ്പുല്ല് ലഭ്യതക്കുറവും കർഷകരെ വലച്ചു. പാലുൽപ്പാദനത്തിൽ 30 ശതമാനംവരെ ഇടിവുണ്ടായി.
"ആനുകൂല്യം കമ്പനികൾ തട്ടുന്നു പാലിന് വിലകൂട്ടി "
ക്ഷീരകർഷകരെ മിൽമ സഹായിക്കുന്പോൾ, അതിന്റെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കാതിരിക്കാൻ കാലിത്തീറ്റയ്‌ക്ക് വിലകൂട്ടി കോർപറ്റേറ്റ് കമ്പനികൾ തട്ടിയെടുക്കുന്നു. ഇത് ക്ഷീര കർഷകരെയെന്നപോലെ ക്ഷീര സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെയും പ്രതികൂലമായി ബാധിക്കും.
മിൽമ പാലിന് വിലകൂട്ടുമ്പോൾ അതിന്റെ വലിയ ശതമാനം ക്ഷീര കർഷകർക്കാണ് ലഭിക്കുക. കാലിത്തീറ്റയ്‌ക്ക് മിൽമ സബ്‌സിഡിയും അനുവദിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ ആനുകൂല്യത്തിന്റെയും ഗുണം കാലിത്തീറ്റയ്‌ക്ക് വില കൂട്ടുന്നതോടെ നഷ്ടപ്പെടുന്നു.
-എസ് വീരമണി , തത്തമംഗലം, ചെമ്പകശേരി ക്ഷീരോൽപ്പാദക സഹകരണ സംഘം










0 comments