ad
Deshabhimani

മഞ്ഞപ്പിത്തവും എലിപ്പനിയും കൂടുന്നു

നടപടിയില്ലാതെ സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 19, 2026, 02:00 AM | 1 min read

സ്വന്തം ലേഖകൻ

പാലക്കാട്‌

ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ചിട്ടും യാതൊരു നടപടിയുമില്ലാതെ യുഡിഎഫ്‌ സർക്കാർ. ഡെങ്കിപ്പനി വ്യാപനത്തിനുപിന്നാലെ മഞ്ഞപ്പിത്തവും എലിപ്പനിയും ജില്ലയിൽ പടർന്നിട്ടുണ്ട്‌. 17 ദിവസത്തിനുള്ളിൽ വിവിധ ആശുപത്രികളിൽ 36 പേർ മഞ്ഞപ്പിത്തവും എട്ടുപേർ എലിപ്പനിയും ബാധിച്ച്‌ ചികിത്സതേടി. സർക്കാരിന്റെ അനാസ്ഥമൂലം മഴക്കാലപൂർവ ശുചീകരണം കൃത്യസമയത്ത്‌ നടക്കാതിരുന്നതാണ്‌ രോഗവ്യാപനംകൂട്ടിയത്‌. പലയിടത്തും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്‌. മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയുമുണ്ട്‌. മഴ തുടങ്ങിയശേഷമാണ്‌ സംസ്ഥാന സർക്കാർ ശുചീകരണത്തെക്കുറിച്ച്‌ ആലോചിക്കുന്നതുപോലും. പകർച്ചവ്യാധി പടർന്നിട്ടും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും തയ്യാറായിട്ടില്ല. വിഷയത്തെ ഗ‍ൗരവപരമായി കാണാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമുയരുന്നുണ്ട്‌. മഴ ഇനിയും കനത്താൽ രോഗ വ്യാപനത്തോത്‌ വർധിക്കുമെന്ന ആശങ്കയുമുണ്ട്‌. ​ ഡെങ്കിപ്പനി 195 ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 195 ആയി. ജൂൺ ഒന്നുമുതൽ ഇതുവരെയുള്ള കണക്കാണിത്‌. ബുധനാഴ്‌ച മാത്രം 12 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. അട്ടപ്പാടി അഗളിയിലാണ്‌ കൂടുതൽപേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌. ഒന്നര മാസത്തിനിടെ ജില്ലയിൽ അഞ്ച്‌ മരണങ്ങളുണ്ടായി. ഇതിൽ മൂന്നും സമീപ ദിവസങ്ങളിലാണ്‌ സംഭവിച്ചത്‌. ഡെങ്കിപ്പനി കൂടാതെ വിവിധ ആശുപത്രികളിൽ 11,441 പേർ പനി ബാധിച്ചും ചികിത്സയ്‌ക്കെത്തി.


ലക്ഷണങ്ങൾ ശ്രദ്ധിക്കാം

മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയുമാണ്‌ മഞ്ഞപ്പിത്തം പടരുന്നത്. ക്ഷീണം, ഭക്ഷണത്തോടുള്ള വിമുഖത, ഛർദി, പനി, ഇരുണ്ട നിറത്തിൽ മൂത്രം പോകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കരളിനെയാണ്‌ ഗുരുതരമായി ബാധിക്കുന്നത്‌. എലി, കന്നുകാലികൾ, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ്‌ എലിപ്പനി മനുഷ്യരിലേക്ക് പകരുന്നത്‌. ലെപ്റ്റോസ്പൈറ ബാക്ടീരിയകളാണ് രോഗം പരത്തുന്നത്. മലിനജലത്തിലൂടെയോ ചെളിയിലൂടെയോ മനുഷ്യശരീരത്തിലെ മുറിവുകളിലൂടെയോ നേർത്ത തൊലിയിലൂടെയോ പ്രവേശിക്കാം. കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിലെ മൃദുലമായ ചർമത്തിലൂടെയും രോഗം പകരാം. ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശി വേദന, കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home