ഇവിടെ എല്ലാം "ഇൻസ്റ്റന്റ്സ്'

ഇൻസ്റ്റഗ്രാമിന്റെ ഇൻസ്റ്റന്റ്സിൽ പങ്കിട്ട ചിത്രം

സായൂജ് ചന്ദ്രൻ
Published on May 24, 2026, 12:47 AM | 1 min read
പാലക്കാട്
ചായകുടി, ചിരിപ്പടം, യാത്രകൾ, ആഘോഷങ്ങൾ... തുടങ്ങി ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നവരാണ് നാമെല്ലാം. കിടിലൻ പാട്ടെല്ലാമിട്ടുള്ള റീലുകളും പശ്ചാത്തലസംഗീതത്തോടെയുള്ള ചിത്രങ്ങൾക്കുമെല്ലാം ആരാധകരുമേറെയാണ്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു ട്രന്റിന് പുറകെയാണ് നാടാകെ. ഇൻസ്റ്റഗ്രാമിൽ പുതുതായി തുടങ്ങിയ "ഇൻസ്റ്റന്റ്സ്' ഫീച്ചറാണ് സമൂഹമാധ്യമങ്ങളിലെ താരം. ഇൻസ്റ്റഗ്രാം ഇൻബോക്സിന്റെ താഴെ വലത് കോണിലുള്ള ചെറിയ ഫോട്ടോ സ്റ്റാക്കിൽ തൊട്ടാൽ ഈ ഫീച്ചർ കാണാം. നിങ്ങൾ ഫോളോ ചെയ്യുന്നവർ പങ്കുവച്ച ചിത്രങ്ങളാണ് ആദ്യം വരിക. ഇതിൽ ഇടത്തോട്ടോ മുകളിലോട്ടോ സ്ലൈഡ് ചെയ്താൽ കാമറ ഓണാകും. ഒറ്റ ക്ലിക്കിൽ തന്നെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കോ ക്ലോസ് ഫ്രണ്ട്സിനോ അയക്കാം. ചിത്രത്തിനുള്ള പ്രതികരണങ്ങൾ പ്രൈവറ്റ് ആയിരിക്കുമെന്നതാണ് പ്രത്യേകത. പങ്കുവയ്‌ക്കുന്ന ചിത്രങ്ങൾ 24 മണിക്കൂറിന് ശേഷം തനിയെ അപ്രത്യക്ഷമാകും. സുഹൃത്തുക്കൾക്ക് ഇതിന്റെ സ്‌ക്രീൻഷോട്ട് എടുക്കാനോ റെക്കോഡ് ചെയ്യാനോ സാധിക്കില്ല. കാര്യം നിസാരമാണെങ്കിലും ഇതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. അതിവേഗമുള്ള ചിത്രമെടുപ്പും പങ്കുവയ്ക്കലും ഇത്തിരി ഗൗരവമുള്ള വിഷയമാണ്. ക്യാമറ ചിഹ്നത്തിൽ അറിയാതെയൊന്ന് തൊട്ടാൽപോലും ചിത്രം പതിഞ്ഞ് മറ്റൊരാളിലേക്കെത്തും. സ്വകാര്യതക്കും സുരക്ഷക്കും ഒരു വിലയുമില്ല. ചിത്രം കണ്ടുകഴിഞ്ഞാൽ മാഞ്ഞുപോകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും അവിടെയും പ്രശ്നമുണ്ട്. മായ്‌ഞ്ഞുപോകുന്നതിന് മുമ്പെ മറ്റൊരു ഫോണിൽനിന്ന് ചിത്രം പകർത്തിയെടുക്കാം.










0 comments