അട്ടപ്പാടിയിലെ ശിശുമരണം
സാന്ത്വനവുമായി നേതാക്കളും ജനപ്രതിനിധികളും

സിപിഐ എം നേതാക്കളും ജനപ്രതിനിധികളും വെച്ചപ്പതി ഉൗരിലെ ജ്യോതിമണിയുടെയും ബിജുവിന്റെയും വീട് സന്ദർശിക്കുന്നു

സ്വന്തം ലേഖകൻ
Published on Oct 26, 2026, 12:19 AM | 1 min read
പാലക്കാട്
"അസുഖം മൂർഛിച്ചപ്പോൾ ഞങ്ങൾ പ്രൊമോട്ടർവഴി ഐടിഡിപിയെ സമീപിച്ചു. കുഞ്ഞിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സിക്കാൻ സൗകര്യമൊരുക്കിത്തരണമെന്ന് അഭ്യർഥിച്ചു. അവർ ഒന്നും ചെയ്‌തില്ല. സാമ്പത്തിക സഹായമോ ആംബുലൻസോ ഒരുക്കിത്തന്നില്ല. അസുഖം ബാധിച്ച കുഞ്ഞുമായി ട്രെയിനിലാണ് തിരുവനന്തപുരത്തേക്കുപോയത്. അവിടെ എത്തി. പിന്നീട് കുട്ടി മരിച്ചു’– അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ സാഹചര്യത്തിൽ വരഗംപാടി ഉൗരിലെത്തിയ സിപിഐ എം നേതാക്കളോടും ജനപ്രതിനിധികളോടും ഇതുപറയുമ്പോൾ ശ്രുതിയുടെയും മണികണ്‌ഠന്റെയും കണ്ണുകൾ ഇൗറനണിഞ്ഞു. സെപ്‌തംബർ 29നാണ് കുട്ടിമരിച്ചത്. സർക്കാരിന്റെ അനാസ്ഥയിൽ നിസ്സഹായരായി നിൽക്കുകയാണ് ഇവർ. ഞായർ പകൽ ഒന്നോടെയാണ് എംഎൽഎമാരായ കെ പ്രേമൻ, കെ പ്രേംകുമാർ, പി പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു, വൈസ് പ്രസിഡന്റ് എൻ സരിത, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ശാന്തകുമാരി, അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരൻ, ജില്ലാ കമ്മിറ്റി അംഗം സി പി ബാബു, എകെഎസ് ജില്ലാ സെക്രട്ടറി എം രാജൻ എന്നിവർ ഉൗരുകളിലെത്തിയത്. ഷോളയൂരിലെ വെച്ചപ്പതി ഉൗരിലെ ജ്യോതിമണി– ബിജു ദന്പതികളുടെ വീട്ടിലാണ് സംഘം ആദ്യം എത്തിയത്. ഇവർക്ക് പറയാനുള്ളതും ആരോഗ്യവകുപ്പിന്റെ നിരുത്തരവാദിത്വം. അരിവാൾ രോഗ ബാധിതയാണ് ജ്യോതിമണി. ഗർഭിണിയായിരിക്കെ ഇത് പരിഗണിച്ചുള്ള ചികിത്സ ലഭ്യമായില്ല. ഐടിഡിപിയിൽനിന്നും കോട്ടത്തറ ആശുപത്രിയിൽനിന്നും സഹായം ലഭിച്ചില്ല ഇവർ പറഞ്ഞു. 21നാണ് കുഞ്ഞ് മരിച്ചത്. ഞായറാഴ്‌ച തൃശൂരിലെ ആശുപത്രിയിൽ മരിച്ച കുഞ്ഞിന്റെ ഉൗരായ വടക്കോട്ടത്തറയിലും സംഘം എത്തി. കുട്ടിയുടെ അമ്മയുടെ അച്ഛൻ ചാത്തൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗർഭിണിയായിരിക്കുമ്പോൾ നടത്തിയ പരിശോധനകളിൽ കുട്ടി ആരോഗ്യവാനാണെന്നും തൂക്കമൊക്കെയുണ്ടെന്നും കോട്ടത്തറ ആശുപത്രിയിൽനിന്ന് പറഞ്ഞതായി ചാത്തൻ പറഞ്ഞു. അതുകൊണ്ട് അമ്മവീട്ടിൽ താമസിപ്പിച്ചില്ല. പക്ഷേ കുട്ടി ജനിച്ച് കഴിഞ്ഞപ്പോൾ ഹൃദയരോഗം കണ്ടെത്തി. പിന്നീട് ആണ് തൃശൂരിലെ ആശുപത്രിയിൽ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണങ്ങളെ സർക്കാർ ഗൗരവത്തിലെടുക്കണമെന്ന് നേതാക്കളും ജനപ്രതിനിധികളും പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുമാസത്തിൽ ഏഴ് കുട്ടികളാണ് ഇവിടെ മരിച്ചത്. നവജാത ശിശു മരണമല്ല ശിശുഹത്യയാണ് നടക്കുന്നത്. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും ഉറപ്പുനൽകി.








0 comments