Deshabhimani

അട്ടപ്പാടിയിലെ ശിശുമരണം ജീവനക്കാരില്ല; പ്രതിരോധ പ്രവർത്തനം പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 12:00 AM | 1 min read

അട്ടപ്പാടിയിലെ ശിശുമരണം ജീവനക്കാരില്ല; പ്രതിരോധ പ്രവർത്തനം പ്രതിസന്ധിയിൽ

പ്രത്യേക ലേഖകൻ

പാലക്കാട്‌

അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വർധിക്കുന്നതിനിടെ ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. സ്ഥലംമാറ്റത്തെ തുടർന്നുണ്ടായ ഒഴിവുകളിൽ പകരം നിയമനം നടത്താത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ഫാർമസിസ്റ്റ്, റേഡിയോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ നികത്തിയിട്ടില്ല. ഊരുകളിലെ ആദിവാസി കുട്ടികളുടെ ആരോഗ്യ – വിദ്യാഭ്യാസ വിവരങ്ങൾ ശേഖരിക്കുകയും തുടർനടപടികൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്ന 24 മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതിനുശേഷവും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. അട്ടപ്പാടി ബ്ലോക്കിലെ ആരോഗ്യപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട സൂപ്രണ്ട് അസിസ്റ്റന്റ് സർജൻ മാത്രമാണെന്നതും സ്ഥിതി വഷളാക്കുന്നുണ്ട്‌. ഈ തസ്തികയിൽ സിവിൽ സർജനെയാണ് നിയമിക്കേണ്ടത്. കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ യോഗ്യതയുള്ളവർ ഉണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അട്ടപ്പാടിയിൽ വ്യാപക സ്ഥലംമാറ്റം നടത്തിയിരുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട ജീവനക്കാരെയും സ്ഥലംമാറ്റി. എന്നാൽ, ഒഴിവുകളിലേക്ക് പകരം നിയമനം നടത്തിയില്ല. ഇതോടെ എല്ലാ വിഭാഗം ജീവനക്കാർക്കും ജോലിഭാരം വർധിച്ചു. ശിശുമരണങ്ങൾ തുടർക്കഥയായതോടെ ജീവനക്കാർക്കുമേലുള്ള സമ്മർദവും കൂടി. മാനസിക സമ്മർദം വർധിച്ചതിനെ തുടർന്ന് ചില വനിതാ ജീവനക്കാർ രാജിസന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. യോഗ്യതയുള്ളവരെ പ്രധാന തസ്തികകളിൽ നിയമിക്കുന്നതിന് കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ തടസ്സം നിൽക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരുടെ കുറവും തസ്തികകളിൽ നിയമനം വൈകിച്ചതും ആദിവാസി മേഖലയിൽ ശിശുമരണങ്ങൾ തടയാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ദുർബലപ്പെടുത്തുകയാണ്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home