ആരോഗ്യമേഖല തകർന്നു

വേണു കെ ആലത്തൂർ
Published on Oct 26, 2026, 12:26 AM | 1 min read
പാലക്കാട്
അട്ടപ്പാടിയിൽ ശിശുമരണവാർത്തകൾ അപൂർവമായ ഒരു കാലത്തുനിന്ന് ദിവസേന കുഞ്ഞുങ്ങൾ മരിക്കുന്ന കാലത്തിലേക്കുള്ള ദൂരം 10 വർഷം. 2012–2013 വർഷത്തിൽ 64 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മരിച്ചത്. തുടർന്ന് 2013ൽ അന്നത്തെ പാലക്കാട് എംപി എം ബി രാജേഷ് നിരാഹാരസമരം നടത്തി യുഡിഎഫ് സർക്കാരിനെക്കൊണ്ട് അട്ടപ്പാടി പാക്കേജ് നടപ്പാക്കിച്ചു. കമ്യൂണിറ്റി കിച്ചണുകളും തുടങ്ങി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം സന്ദർശിച്ചത് അട്ടപ്പാടിയായിരുന്നു. നോഡൽ ഓഫീസറെ നിയമിച്ച് എല്ലാ മാസവും വകുപ്പുതല അവലോകനയോഗം നടത്തി. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി, പിഎച്ച്‌സികൾ, സിഎച്ച്‌സി എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു. കോട്ടത്തറ ആശുപത്രിക്കുമാത്രം 32 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ അനുവദിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനം ഉറപ്പാക്കി, മില്ലറ്റ് വില്ലേജുപോലുള്ള പദ്ധതികൾ നടപ്പാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ 13 ശിശുമരണമാണ് അട്ടപ്പടിയിൽ റിപ്പോർട്ട് ചെയ്‌തത്. അതൊക്കെ ജനിതക വൈകല്യം ബാധിച്ച കുട്ടികളായിരുന്നു. എന്നാൽ കഴിഞ്ഞ നാലുമാസത്തിനിടെമാത്രം നാല് നവജാത ശിശുക്കൾ ഉൾപ്പെടെ ഒമ്പത് കുട്ടികളാണ് മരിച്ചത്. ഇതെല്ലാം ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെത്തുടർന്നുള്ളതാണ് എന്നതാണ് ഖേദകരം. യുഡിഎഫ് സർക്കാർ വന്നശേഷം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ജീവനക്കാരെ സ്ഥലംമാറ്റി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്‌റ്റ് എന്നിവരെയെല്ലാം മാറ്റി. പകരം നിയമനം നടന്നില്ല. ആദിവാസി ഉന്നതികളിൽ മെഡിക്കൽ സേവനം നൽകിയിരുന്ന മൊബൈൽ ക്ലിനിക്കുകൾ നിർത്തലാക്കി. ഡോക്ടർ, നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ എന്നിവരടങ്ങുന്ന മൂന്ന് ആംബുലൻസുകളാണ് എൻഎച്ച്‌എമ്മിനുകീഴിൽ സർവീസ് നടത്തിയിരുന്നത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അത് നിർത്തലാക്കി. ആരോഗ്യ വകുപ്പിന് കീഴിലെ രണ്ട് മൊബൈൽ ലാബുകളിൽ ഒന്നിലെ ഫാർമസിസ്‌റ്റിന് സ്ഥലംമാറ്റുകയും പ്രവർത്തനസമയം പരിമിതപ്പെടുത്തുകയും ചെയ്‌തു. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതോടെ കോട്ടത്തറ ആശുപത്രിയിൽ മരുന്നുകൾ ലോക്കൽ പർച്ചേസ് നടത്താനും കഴിയാതായി.








0 comments