പാചകവാതക പ്രതിസന്ധി മറികടക്കാൻ ഒറ്റഅടുക്കള
വിറകടുപ്പിൽ വേവുന്നു കോഫീ ഹൗസ് വിഭവങ്ങൾ

നഗരത്തിലെ ഇന്ത്യൻകോഫി ഹൗസുകളിലേക്കായി സുൽത്താൻപേട്ടയിലെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നു
പാലക്കാട്
പാചകവാതക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് നഗരത്തിലെ മൂന്ന് ഇന്ത്യൻ കോഫീ ഹൗസുകളിലേക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നത് ഒരു അടുക്കളയിൽ. ഞായറാഴ്‌ചയാണ് സമൂഹ അടുക്കള തുടങ്ങിയത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ൫൦ കിലോ അരിയുടെ ബിരിയാണിയും ൧൨൦ കിലോ അരിയുടെ ചോറും കറികളും ഇവിടെ പാചകം ചെയ്തു. വാഹനങ്ങളിലാണ് കോഫീ ഹൗസുകളിൽ എത്തിച്ചത്. സുൽത്താൻപേട്ട ചെട്ടിത്തെരുവിൽ കെട്ടിടം വാടകയ്‌ക്കെടുത്താണ് സമൂഹ അടുക്കള തുടങ്ങിയത്. ഇവിടെ വിറക് അടുപ്പിലാണ് പാചകം. ആവശ്യമായ വിറകിന്റെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഒരു ടൺ വിറക് ഒരു ദിവസത്തെ പാചകത്തിന് ആവശ്യമാണ്. എന്നാൽ വിറകിന് ആവശ്യക്കാർ വർധിച്ചതോടെ വിപണി വിലയും വർധിച്ചു. ഞായറാഴ്ച ഒരു ടൺ വിറക് ൮,൦൦൦ രൂപയ്ക്കാണ് വാങ്ങിയത്. എന്നാൽ തിങ്കളാഴ്ച ഇത് ൯,൦൦൦ ആയി വർധിച്ചതായി ജീവനക്കാർ പറഞ്ഞു. അടുത്ത ദിവസങ്ങളിലും വില കൂടിയേക്കുമെന്ന് വ്യാപാരികളും പറയുന്നു. അതേ സമയം ഗ്യാസ് ലഭ്യതയിൽ അനിശ്ചിതത്വം തുടരുകയാണ്. തിങ്കളാഴ്ചയും വാണിജ്യ സിലിണ്ടറുകളുടെ വിപണനം എന്ന് ആരംഭിക്കുമെന്ന് ഏജൻസികളിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. അതിനാൽ കോഫീ ഹൗസുകളിൽ വിൽപ്പന നിർത്തിവച്ച മസാല ദോശ, റോസ്‌റ്റ്, ചപ്പാത്തി, പൊറോട്ട എന്നിവയുടെ വിൽപ്പന എന്ന് പുനരാരംഭിക്കാൻ സാധിക്കുമെന്നതിൽ വ്യക്തതയില്ല. നിലവിൽ കെറ്റിലുകളിൽ നിറച്ചാണ് ചായയും കാപ്പിയും വിൽക്കുന്നത്. ഇത് അധികനാൾ തുടരാനാകില്ലെന്നും ജീവനക്കാർ പറയുന്നു.










0 comments