കൈയടികൾ ഏറ്റുവാങ്ങി "ബീറ്റ്‌സ് ഓഫ് ഇടയ്‌ക്ക'
നെഞ്ചിലാണ് താളം

ബീറ്റ്‌സ് ഓഫ് ഇടയ്-ക്ക സംഘത്തിലെ ബാലമുരളി, മണികണ്ഠൻ, അനിൽ എന്നിവർ

സായൂജ് ചന്ദ്രൻ
Published on Aug 15, 2026, 12:22 AM | 1 min read
പാലക്കാട്
"മൂന്നുപേരുള്ള ബാൻഡോ അതെങ്ങനെ' ഇൗ ചോദ്യത്തിന് മണികണ്ഠനും അനിലിനും ബാലമുരളിക്കും ഒരൊറ്റ മറുപടി; "ഇവിടെ നെഞ്ചിലാണ് താളം, കഴിവുണ്ടെങ്കിൽ കാഴ്‌ചക്കാരുണ്ടാകും'. കൂറ്റനാട് കേന്ദ്രീകരിച്ചുള്ള "ബീറ്റ്‌സ് ഓഫ് ഇടയ്‌ക്ക' പുത്തൻ ഫ്യൂഷൻ ബാൻഡ് സംഘം കൈയടികൾ ഏറ്റുവാങ്ങി വേദികളിൽനിന്ന് വേദികളിലേക്ക് പ്രയാണം തുടരുകയാണ്. കൊട്ടുവാദ്യങ്ങൾക്ക് പ്രാധാന്യംകൊടുത്ത് മൂന്നുപേർ അവതരിപ്പിക്കുന്ന സംഗീത പരിപാടിക്ക് ആരാധകരേറെ. നാടൻകലാ പ്രവർത്തകരായ പെരിങ്ങോട് മണികണ്ഠൻ, അനിൽ ആറങ്ങോട്ടുകര, ബാലമുരളി നാഗലശേരി എന്നിവരുടെ സുഹൃദ്‌ബന്ധമാണ് ബീറ്റ്‌സ് ഓഫ് ഇടയ്‌ക്കയിലേക്ക് നയിച്ചത്. താളത്തിന്റെ തുടക്കം കോവിഡ് കാലത്താണ് ബാൻഡ് എന്ന ആശയം ഉടലെടുത്തത്. സംഘം ചേർന്നുള്ള കലാപരിപാടികൾക്ക് നിയന്ത്രണമുണ്ടായുന്ന അക്കാലത്ത് മൂന്നുപേരിലേക്കൊതുക്കാൻ തീരുമാനമെടുത്തു. മണികണ്ഠൻ ഇടയ്‌ക്കയും അനിൽ ദർബുക്കയും ബാലമുരളി കാജോണും വായിക്കാമെന്നായി. പാലിയേറ്റീവ് കെയറുകൾ, ഷെൽട്ടർ ഹോമുകൾ, ബാലസംഘം, വിവിധ പഞ്ചായത്ത് പരിപാടികൾ എന്നിങ്ങനെയായിരുന്നു തുടക്കം. മികച്ച അഭിപ്രായങ്ങൾ വന്നതോടെ പരിപാടി വിപുലീകരിച്ചു. മുളവാദ്യങ്ങളുടെ ഉപയോഗവും താളത്തിന് ഭംഗി പകർന്നു. കൊച്ചിയിൽ നടന്ന "ബാംബു ഫെസ്റ്റിൽ' പരിപാടി അവതരിപ്പിച്ചതോടെ ജനശ്രദ്ധ ആകർഷിച്ചു. ഇതുവരെ 50ന് മുകളിൽ വേദികളിൽ അവതരണം നടത്തിയിട്ടുണ്ട്. ഇടയ്‌ക്കയാണ് പ്രധാനം ആദ്യവേദികളിൽ കൃത്യമായി പരിശീലനമില്ലാതെയായിരുന്നു അവതരണം. വേദിയിലെത്തിയശേഷമാണ് വായിക്കാൻ പോകുന്ന പാട്ടുകളെക്കുറിച്ച് തീരുമാനമെടുത്തിരുന്നത്. ബാൻഡിന്റെ ചുറ്റുപാടിലേക്ക് വന്നതോടെ അഴിച്ചുപണികൾ നടത്തി. ഇടയ്‌ക്കയെ പ്രധാന വാദ്യമായി പരിചയപ്പെടുത്തി. ഇടയ്‌ക്കയുടെ താളങ്ങൾ കാഴ്‌ചക്കാർക്ക് പരിചയപ്പെടുത്തും. ശേഷം ആ താളങ്ങളിൽനിന്നുള്ള സിനിമാ പാട്ടുകളിലേക്കും നാടൻ പാട്ടുകളിലേക്കും എത്തും. ആസ്വാദകരുടെ ആവശ്യപ്രകാരവും പാട്ടുകൾ വായിക്കും. സ്കൂളുകളിലും കോളേജുകളിലും സാംസ്കാരിക പരിപാടികളിൽ വാദ്യങ്ങൾ പരിചയപ്പെടുത്താറുമുണ്ട്. നിലവിൽ ഓണക്കാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് "ബീറ്റ്‌സ് ഓഫ് ഇടയ്‌ക്ക' സംഘം. പാട്ടുകളുടെയും കളികളുടെയും മാസത്തിൽ കൈനിറയെ വേദികൾ. ഓണപ്പാട്ടുകളും ശീലുകളുമാണ് ഇത്തവണ ഫ്യൂഷൻ സംഘത്തിന് കാതലാകുക.










0 comments