നീരൊഴുക്ക് വർധിക്കുന്നു
മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ തുറന്നു

മംഗലംഡാം ഷട്ടർ തുറന്നപ്പോൾ
പാലക്കാട്
വൃഷ്ടി പ്രദേശത്തെ കനത്ത മഴയിൽ നീരൊഴിക്ക് വർധിച്ചതോടെ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളിൽ സ്പിൽവെ ഷട്ടറുകൾ തുറന്നു. മംഗലം അണക്കെട്ടിൽ ആറ് സ്‌പിൽവെ ഷട്ടറുകൾ ആദ്യം അഞ്ച് സെന്റിമീറ്റർ വീതം തുറന്നു. നീരൊഴുക്ക് വർധിച്ചതോടെ മൂന്ന് ഷട്ടറുകൾ 50 സെന്റിമീറ്ററും ബാക്കി മൂന്നെണ്ണം 35 സെന്റിമീറ്ററും ഉയർത്തി. ഇവിടെ 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ് നിലവിൽ 77.43 മീറ്റർവരെ വെള്ളം ഉയർന്നിട്ടുണ്ട്. ചുവപ്പ് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. മഴ തുടർന്നാൽ ഷട്ടറുകൾ 60 സെന്റിമീറ്റർവരെ ഉയർത്തിയേക്കും. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 97.50 മീറ്റർ പരമാവധി ജലനിരപ്പുള്ള ഇവിടെ 95.37 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മഴ കൂടുതൽ ശക്തിയാർജിച്ചാൽ ഇരു അണക്കെട്ടുകളിലും ഷട്ടറുകൾ വീണ്ടും ഉയർത്തും. അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലുള്ളവരും പുഴയുടെ കരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. പുഴയിലിറങ്ങുന്നതിന് കർശന വിലക്കുണ്ട്. മലനിരകളിൽനിന്ന് നീരൊഴുക്ക് വർധിച്ചതോടെ പാലക്കുഴി അണക്കെട്ടും നിറഞ്ഞിട്ടുണ്ട്. മിനി ജലവൈദ്യുത പദ്ധതിക്കായി നിർമിച്ച അണക്കെട്ടാണ് നിറഞ്ഞത്. പുറത്തേക്ക് കൂടുതൽ വെള്ളം ഒഴുകുന്നുണ്ട്. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിലെ നീരൊഴുക്കും വർധിച്ചു.










0 comments