ad
Deshabhimani

ജില്ലയിൽ മഴ തുടരുന്നു

Heavy Rain

നെല്ലിയാമ്പതി ചുരംപാതയിൽ മരംവീണപ്പോൾ

വെബ് ഡെസ്ക്

Published on Aug 02, 2026, 12:00 AM | 1 min read

ഒറ്റപ്പാലം

ലെക്കിടിയിൽ വീട് പൂർണമായും തകർന്നു. പുതുകുടി വീട്ടിൽ സരസ്വതിയുടെ (70)വീടാണ് തകർന്നത്. സംഭവസമയം സരസ്വതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചിത്ര, വൈസ് പ്രസിഡന്റ്‌ എം രാമകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ഷീജമോൾ, ടി മണികണ്ഠൻ, അസിസ്റ്റന്റ്‌ സെക്രട്ടറി സജിത് എന്നിവർ സ്ഥലം സന്ദർശിച്ചു. സരസ്വതിയെ വാടകവീട്ടിലേക്ക് മാറ്റി. ധനസഹായത്തിന്‌ ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയത്. പത്തൊമ്പതാംമൈൽ ജൂബിലി റോഡിൽ വീടിനകത്ത്‌ വെള്ളംകയറി. അലി അസ്‌കറിന്റെ വീട്ടിലാണ് വെള്ളംകയറിയത്. സമീപവാസിയായ ബിലാൽ മൻസിലിൽ സക്കറിയയുടെ വീടിനുമുന്നിൽ കെട്ടിക്കിടക്കുന്ന വെള്ളം ഉള്ളിലേക്ക് കയറുന്ന സ്ഥിതിയിലാണ്. ബന്ധുവീട്ടിലേക്ക് താമസംമാറേണ്ട ഗതികേടിലാണ് കുടുംബം. വെള്ളം ഒഴുകിപ്പോകാൻ കൃത്യമായ അഴുക്കുചാൽ ഇല്ലാത്തതാണ് പ്രധാന കാരണം. അഴുക്കുചാൽ പ്രശ്നവും വെള്ളക്കെട്ടും പരിശോധിച്ച് എത്രയും വേഗം പരിഹാരം കാണാൻ ശ്രമിക്കുമെന്ന് നഗരസഭാ കൗൺസിലർ സായ് കിരൺ അറിയിച്ചു.

തേങ്കുറുശി

പാണ്ടിയോട് നാരായണന്റെ വീട്ടിലേക്ക്‌ വൈദ്യുതിത്തൂൺവീണ് മേൽക്കൂര തകർന്നു. മഴയിൽ തോലനൂർ കാരക്കോട് മാളുവിന്റെ വീട് ഭാഗമായി തകർന്നു. മരം കടപുഴകി തോലനൂർ കരുവണക്കാട് തങ്കമ്മയുടെ വീട് തകർന്നു. ശനി പകൽ ഒന്നിനാണ് അപകടം. ആളപായമില്ല.

കുഴൽമന്ദം

പെരിങ്ങോട്ടുകുറുശി ചൂലനൂരിൽ രണ്ട് വീടുകൾ തകർന്നു. ശനി പകൽ 11നാണ് നൊട്ടിയത്ത് ജാനകിയമ്മയുടെ വീട് തകർന്നത്. ആളപായമില്ല. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പകൽ രണ്ടിന്‌ പന്നികുളമ്പ് സുശീലയുടെ വീടിന്റെ ചുവരിടിഞ്ഞു.

കൊല്ലങ്കോട്

കനത്ത മഴയിൽ നെല്ലിയാമ്പതി ചുരംപാതയിലേക്ക്‌ മരംകടപുഴകി വീണു. വെള്ളി രാവിലെ 6.40ന്‌ കുണ്ടറച്ചോലയ്‌ക്കുസമീപമാണ് അപകടം. ചുരംപാതയ്‌ക്കുകുറുകെ വലിയ മരം വീണതോടെ ഇരുദിശകളിലേക്കുമുള്ള വാഹനഗതാഗതം പൂർണമായും നിലച്ചു. അഗ്നിരക്ഷാസേന മരം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home