ad
Deshabhimani

ഹെൽത്തി കേരള പരിശോധന; 1,508 സ്ഥാപനങ്ങൾക്ക്‌ നോട്ടീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 19, 2026, 01:35 AM | 1 min read

പാലക്കാട്‌

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഹെൽത്തി കേരള പരിശോധനയിൽ കഴിഞ്ഞ രണ്ടുമാസത്തിൽ നോട്ടീസ്‌ നൽകിയത്‌ 1,508 സ്ഥാപനങ്ങൾക്ക്‌. വേനൽക്കാലം ആരംഭിച്ചശേഷം മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ഹോട്ടലുകൾ, തട്ടുകടകൾ, പലചരക്ക്‌ കടകൾ എന്നിങ്ങനെ ജില്ലയിലെ 5,228 സ്ഥാപനങ്ങളിലാണ്‌ പരിശോധന നടന്നത്‌. മാർച്ചിൽ മാത്രം 2,672 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ നോട്ടീസ്‌ നൽകിയ 761 കേസുകളും തീർപ്പാക്കി. മേയിൽ 2,556 പരിശോധനകളിൽ 741 സ്ഥാപനങ്ങൾക്കാണ്‌ നോട്ടീസ്‌ നൽകിയത്‌. അവയിൽ 718 കേസുകൾ തീർപ്പായി. അതത്‌ പഞ്ചായത്തുകളുടെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ്‌ പരിശോധന. ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യം, ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനങ്ങൾ, ഹെൽത്ത്‌ കാർഡ്, പഞ്ചായത്ത്‌ ലൈസൻസ്, ഭക്ഷ്യ സുരക്ഷാ ലൈസൻസ്, ജല ഗുണനിലവാര പരിശോധനാ റിപ്പോർട്ട്‌ തുടങ്ങിയവയാണ്‌ പരിശോധിക്കുന്നത്‌. മറ്റ്‌ കടകളിൽ നിയമാനുസൃത പുകയില മുന്നറിയിപ്പ് ബോർഡ്‌, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയാണ്‌ പരിശോധിക്കുന്നത്‌. കഴിഞ്ഞ ആഴ്‌ചയിൽ മുണ്ടൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന്‌ ഹോട്ടലുകൾ അടപ്പിച്ചിരുന്നു. വേനൽ കടുത്തതിനുശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ്‌ പരിശോധനകളും ഉ‍ൗർജിതമായി നടന്നു. ജില്ലയിലെ 12 സർക്കിളുകളിൽ സ്‌ക്വാഡുകൾ രൂപീകരിച്ച്‌ ഹോട്ടലുകൾ, തട്ടുകടകൾ, വഴിയോര ജ്യൂസ്‌ കടകൾ എന്നിവയിൽ പരിശോധന നടത്തി. ജലസ്രോതസ്സുകളിൽ വെള്ളം താഴ്‌ന്ന സാഹചര്യത്തിൽ കുടിവെള്ള പരിശോധനയും കടുപ്പിച്ചു. ലോറികളിൽ എത്തിക്കുന്ന ഉറവിടം അറിയാത്ത ഐസ്‌ കട്ടകൾക്ക്‌ വിലക്കേർപ്പെടുത്തി. വിതരണത്തിന്‌ അനുവാദമുള്ള പാക്കറ്റ്‌ ഐസുകൾ ഉപയോഗിക്കാനും നിർദേശിച്ചു. വിഷുവിനോടനുബന്ധിച്ചും പ്രത്യേക പരിശോധനയുണ്ടായി. കാറ്ററിങ്‌ യൂണിറ്റുകൾ, ശർക്കരവരട്ടി, നെയ്യ്‌, പാലുൽപ്പന്നങ്ങൾ എന്നിവയുടെ നിർമാണ കേന്ദ്രങ്ങളിലും പരിശോധന നടന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home