നിറയെ, നാടൻപാട്ടിന്റെ താളം

പാലക്കാട്
ഐആർടിസിയിലെ ജോലിത്തിരക്കിലും നാട്ടുസംഗീതത്തിന്റെ ഇൗണവും താളവും രതീഷിനെന്നും പ്രിയപ്പെട്ടതാണ്. 25 വർഷമായി നാടൻപാട്ട് രംഗത്ത് വേരുറപ്പിക്കുന്നതും അതുകൊണ്ടുതന്നെ. ഐആർടിസിയിലെ വേസ്റ്റ് മാനേജ്‌മെന്റ് കോ– ഓർഡിനേറ്ററും മുണ്ടൂർ സ്വദേശിയുമായ സി ആർ രതീഷിന്റെ ജീവിതം സംഗീതത്തിൽ അർപ്പിതമാണ്. പാലക്കാട്ടെ കാവേറ്റം, സ്വരലയ നാടൻപാട്ട് സംഘങ്ങൾക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചു. ഇപ്പോൾ സ്വന്തമായാണ് പരിപാടികൾ ഏറ്റെടുക്കുന്നത്. തുടി, മരം, ചെണ്ട, പൂള്ളോർക്കുടം വാദ്യങ്ങളിലും നിപുണനാണ്. ബാലസംഘം വേനൽത്തുമ്പി കലാജാഥയിലൂടെയാണ് തുടക്കം. പരിഷത്തിന്റെ ബാലവേദിയും മുണ്ടൂർ യുവപ്രഭാത് വായനശാലയും സ്കൂൾ കലോത്സവങ്ങളും ഉൗർജമായി. പിന്നീട് മുണ്ടൂർ നാടക സംഘത്തിന്റെ നാടകങ്ങൾക്ക് സംഗീതം നിർവഹിച്ചു. പാലക്കാട് നാടൻ പഠനഗവേഷണ കേന്ദ്രത്തിൽ അംഗമായതോടെയാണ് നാടൻകലകളിൽ സജീവമായത്. കണ്യാർകളി, പൊറാട്ട് നാടകം, പരിചമുട്ട് കളി, വട്ടക്കളി, ചവിട്ടുകളി എന്നിവ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു രീതി. നാടൻ കലകളിൽ പ്രഗത്ഭരായ പ്രൊഫ. ചന്ദ്രൻ, ഷഡാനനൻ ആനിക്കത്ത്, കെ വിശ്വം എന്നിവരുമായുള്ള സൗഹൃദം ഗുണകരമായി. അക്കാലത്ത് തൃശൂർ ആസ്ഥാനമായ പൊലിക ഫോക്‌ലോർ മാസികയിൽ ലേഖനങ്ങളുമെഴുതി. ഒഴിവുസമയങ്ങളിൽ പരിശീലനത്തിനും സമയം കണ്ടെത്തും. നിലവിൽ നാട്ടുകലാകാര യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയംഗം, ഐആർടിസി എംപ്ലോയീസ് യൂണിയൻ (സിഐടിയു) അംഗം, മുണ്ടൂർ യുവപ്രഭാത് വായനശാല എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. രാധാകൃഷ്ണൻ, പ്രേമകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമ. മക്കൾ: റിഷ്വിത്ത്, റിത്വിൻ.
തയ്യാറാക്കിയത് സായൂജ് ചന്ദ്രൻ









0 comments