ad
Deshabhimani

10 ദിവസത്തിനിടെ 3 –-ാം തവണയാണ്‌ വർധന

ഇന്ധനവില പൊള്ളുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2026, 02:00 AM | 1 min read

സായൂജ്‌ ചന്ദ്രൻ

പാലക്കാട്‌

ഇന്ധനവില റോക്കറ്റ്‌ വേഗത്തിൽ ഉയരുമ്പോൾ എന്തുചെയ്യണമെന്ന്‌ അറിയാതെ ജനം. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരും ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരും അമിത വിലയിൽ പകച്ചു നിൽക്കുകയാണ്‌. 10 ദിവസത്തിനിടെ മൂന്നാംതവണയാണ്‌ വില ഉയരുന്നത്‌. ഞായറാഴ്‌ച ജില്ലയിൽ പെട്രോളിന്‌ 111.94 രൂപയും ഡീസലിന്‌ 100.78 രൂപയുമാണ്‌. ദിവസവേതനത്തിന്‌ ജോലി ചെയ്യുന്നവരെയാണ് രൂക്ഷമായി ബാധിക്കുന്നത്. ദിവസക്കൂലിയിൽനിന്ന്‌ വാഹനങ്ങൾക്കുള്ള ഇന്ധനത്തുക മാറ്റിവച്ചാൽ വേറൊന്നിനും തികയില്ല. സ്കൂൾ വിദ്യാർഥികൾക്കായി നിരവധി ഓട്ടോറിക്ഷകളും കാറുകളും ഓടുന്നുണ്ട്‌. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ വില വർധന ആശങ്കയുണ്ടാക്കുന്നു. ഓൺലൈൻ ഭക്ഷണ വിതരണക്കാർ കൂടുതൽ പ്രതിസന്ധിയിലായി. ഇരുചക്രവാഹനങ്ങളിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച്‌ ഭക്ഷണം വിതരണം ചെയ്യുന്ന ഇവർക്ക്‌ വലിയൊരു തുക പെട്രോളിനായി ചെലവാകുന്നുണ്ട്‌. കമ്പനിയിൽനിന്ന്‌ ഇന്ധനത്തുക ലഭിക്കാത്തതിനാൽ ദിവസ വരുമാനത്തിൽനിന്നാണ്‌ തുക കണ്ടെത്തുന്നത്‌. ഇതോടെ വേതനത്തിലെ വലിയൊരു പങ്ക്‌ ഇന്ധനത്തിനായി ചെലവാകുന്നു. അതത്‌ ദിവസത്തെ ഓൺലൈൻ ഓർഡറുകൾ പരിശോധിച്ചാണ്‌ വേതനം. ചില ദിവസങ്ങളിൽ ഓർഡറുകളുടെ എണ്ണം പരിമിതമായിരിക്കും. ലഭിച്ച ഓർഡറുകൾ കിലോമീറ്ററുകൾക്ക്‌ അപ്പുറവുമാകാം. ഇ‍ൗ ദിവസങ്ങളിൽ കിട്ടിയ തുക മുഴുവനായും എണ്ണക്കായി ചിലവാകുന്നു.


ആശങ്ക ഒഴിയുന്നില്ല

മൈലേജ് കുറവുള്ള ഇരുചക്രവാഹനങ്ങളാണ്‌ ഭൂരിഭാഗംപേരും ഉപയോഗിക്കുന്നത്. ദിവസവേതനത്തിന്‌ ജോലി ചെയ്യുന്നവരെ പെട്രോൾ വില പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വരുമാനവും കൂടുതൽ ചെലവും പ്രായോഗികമല്ല. ഇന്ധനത്തിന്‌ വില കൂടുമ്പോൾ നിത്യോപയോഗ സാധനങ്ങൾക്കും വിലകൂടുമെന്നത് ആശങ്കയുണ്ടാക്കുന്നു.

രതീഷ് കോവിൽപ്പുര, കൊടുമ്പ്


ക്രൂരത അവസാനിപ്പിക്കണം

അന്നത്തിന് വകതേടി നാടുചുറ്റുന്നവരാണ്‌ ഓട്ടോറിക്ഷാ ഡ്രൈവർമാർ. ഒരു ദിവസം ലഭിച്ച ഓട്ടോ കൂലിയാണ്‌ അടുത്ത ദിവസം ഓടാനുള്ള കരുത്ത്‌. ഇന്ധനവില ദിനംപ്രതി കൂട്ടുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട്‌ അംഗീകരിക്കാനാകില്ല. പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരോടുള്ള ക്രൂരത അവസാനിപ്പിക്കണം.

എസ് രമേശ്‌, ഓട്ടോ ഡ്രൈവർ, മലമ്പുഴ


ജീവിതം നീങ്ങില്ല

ടാക്സി ഡ്രൈവർമാരെ സംബന്ധിച്ചിടത്തോളം എണ്ണവില ഉയരുന്നത്‌ ആശങ്കയുണ്ടാക്കുന്നു. എണ്ണവിലക്കനുസരിച്ച്‌ യാത്രാ നിരക്കും വർധിപ്പിക്കേണ്ട സാഹചര്യമാണ്‌. അത്‌ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ തീർച്ച. പക്ഷേ എണ്ണയില്ലാതെ വണ്ടിയും നീങ്ങില്ല ജീവിതവും നീങ്ങില്ല.


കെ സഹദേവൻ, ടാക്സി ഡ്രൈവർ, മലമ്പുഴ



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home