കുടുംബശ്രീ കരാർ ജീവനക്കാരുടെ നിയമനം മരവിപ്പിക്കൽ
ജില്ലയിൽ 300ലധികം തൊഴിലാളികൾ ആശങ്കയിൽ

പാലക്കാട്
കുടുംബശ്രീ കരാർ ജീവനക്കാരുടെ കാലവധി പുതുക്കുന്ന നടപടി മരവിപ്പിച്ച ഉത്തരവിൽ ജില്ലയിലെ 300ലധികം തൊഴിലാളികൾ ആശങ്കയിൽ. സിഡിഎസ് അക്കൗണ്ടന്റുകൾ, ബ്ലാേക്ക് കോ–ഓർഡിനേറ്റർമാർ, കമ്യൂണിറ്റി കൗൺസിലർമാർ, ആനിമേറ്റർമാർ തുടങ്ങി വിവിധ പദ്ധതികളുടെ ചുമതലയിലുള്ളവരുടെ പുതുക്കിയ നിയമനം റദ്ദാക്കാനാണ് ഉത്തരവ്. ജില്ലയിലാകെ വിവിധ സിഡിഎസ് ഓഫീസുകളിലായി 97 അക്കൗണ്ടന്റുമാരുണ്ട്. അട്ടപ്പാടി പദ്ധതിയിൽ ഒമ്പത് പേർ ജോലി ചെയ്യുന്നു. ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം കുടുംബശ്രീ ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവതാളത്തിലാകും. സംസ്ഥാന-–ജില്ലാ മിഷനുകളിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാരുടെ കാലാവധി 2026 മെയ് 31 വരെ പുതുക്കാൻ നേരത്തെ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തൊഴിലാളികളുടെ വേതനം ഉൾപ്പെടെ വർധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് അനുസരിച്ച് കരാർ പുതുക്കലുമായി ബന്ധപ്പെട്ട തുടർ നടപടി അപ്രൈസൽ പരിശോധന, ശുപാർശ നൽകൽ, ഉത്തരവ് പുറപ്പെടുവിക്കൽ എന്നിവ ജൂൺ വരെ മരവിപ്പിക്കാനാണ് നിർദേശം. ഇതിനോടകം ആർക്കെങ്കിലും കരാർ പുതുക്കി നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കണമെന്നും പറയുന്നുണ്ട്. പത്തുവർഷത്തിലധികമായി കുടുംബശ്രീയിൽ ജോലി ചെയ്യുന്നവർ ഇക്കൂട്ടത്തിലുണ്ട്. രാഷ്ട്രീയ താൽപര്യം മുൻനിർത്തി പുതിയ തൊഴിലാളികളെ നിയമിക്കാനാണ് യുഡിഎഫിന്റെ ശ്രമം.










0 comments