ad
Deshabhimani

ചായക്കൂട്ടിൽ വിരിഞ്ഞ ലോകകപ്പ് സ്വപ്നം

ഖത്തർ ടീമിൽ ഷൊർണൂരുകാരന്റെ കൈയൊപ്പ്

ഷസൈൻ സാക്കി
വെബ് ഡെസ്ക്

Published on Jun 10, 2026, 01:13 AM | 1 min read

ഷൊർണൂർ

ഷൊർണൂർ സ്വദേശിയായ ഒമ്പതു വയസ്സുകാരന്റെ കുഞ്ഞുവിരലുകളിൽ വിരിഞ്ഞ ചായക്കൂട്ട് ഇനി അമേരിക്കൻ തെരുവുകളിൽ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം പായും. ഫിഫ സംഘടിപ്പിച്ച "വേൾഡ് കപ്പ് 2026' ഡ്രോയിങ്‌ മത്സരത്തിൽ ഖത്തർ ദേശീയ ടീമിനായി ചിത്രം വരച്ച ഷസൈൻ സാക്കി എന്ന മൂന്നാം ക്ലാസുകാരനാണ് ലോകത്തെ വിസ്മയിപ്പിച്ചത്. മത്സരത്തിൽ പങ്കെടുക്കുന്ന 48 ടീമുകളെ പ്രതിനിധീകരിച്ച് ആഗോളതലത്തിൽ തെരഞ്ഞെടുത്ത 48 വിജയികളിൽ ഒരാളാണ് ഈ മിടുക്കൻ. ​തങ്ങളുടെ പ്രിയപ്പെട്ട ടീമിന് പ്രോത്സാഹിപ്പിക്കാൻ ഫിഫ ഒരുക്കിയ ക്യാൻവാസിൽ ഷസൈൻ വരച്ച ചിത്രം, മത്സരദിനങ്ങളിൽ ഖത്തർ ടീം സഞ്ചരിക്കുന്ന ഔദ്യോഗിക ബസിലാണ് പ്രദർശിപ്പിച്ചത്‌. ചിത്രം പതിച്ച ബസ് ഇതിനകം കൊറിയയിൽനിന്ന്‌ യുഎസിൽ എത്തിക്കഴിഞ്ഞു. താൻ വരച്ച ചിത്രം പതിച്ച ബസിൽ പ്രിയപ്പെട്ട കളിക്കാർ മത്സരവേദിയിലെത്തുന്നത് കാണാനുള്ള ആവേശത്തിലാണ് ഷസൈൻ. 13-ന് സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ഖത്തർ– സ്വിറ്റ്സർലൻഡ് മത്സരം നേരിട്ട് കാണാനുള്ള അവസരമാണ്‌ സമ്മാനം. ഷസൈനും അച്ഛനുമുള്ള വിമാന ടിക്കറ്റ്, വിസ, താമസം എന്നിവ സൗജന്യമായി ലഭിക്കും. ഖത്തർ ടീമിന്റെ പന്തുരുളുന്നത് കാണാൻ 11ന് ഇരുവരും അമേരിക്കയിലേക്ക് തിരിക്കും. ഒമാനിലെ നിസ് ഇന്ത്യൻ സ്കൂളിലെ അണ്ടർ-9 ഫുട്ബോൾ ടീം അംഗംകൂടിയാണ് ഷസൈൻ. കളിക്കളത്തിലെ ആവേശവും ചിത്രകലയോടുള്ള പ്രണയവും ചേർന്നപ്പോഴാണ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം പിറന്നത്. ചിത്രരചനാ പരിശീലകൻ സലിം മാണിയത്തിന്റെ ശിഷ്യനാണ്. ഷൊർണൂർ പരുത്തിപ്ര ആണ്ടിപ്പാട്ട് വീട്ടിൽ ഷക്കീൽ- നബീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷെൻസ സുഹ്റ, ഷെസ സുഹ്റ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home