ad
Deshabhimani

ലോകകപ്പിനെ 
വരവേൽക്കാൻ 
ജില്ലയും

മനസ്സ്‌ പായും, പന്തിന്‌ പിന്നാലെ

കൊട്ടേക്കാട് ജങ്‌ഷനിൽ സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ട‍ൗട്ട്‌
വെബ് ഡെസ്ക്

Published on Jun 11, 2026, 12:08 AM | 1 min read

പാലക്കാട്‌

ഇനിയുള്ള ദിവസങ്ങളിൽ ലോകത്തിന്റെ കണ്ണും മനസ്സും ഒരേ വേഗത്തിൽ സഞ്ചരിക്കും. വായുനിറഞ്ഞ ഒരു പന്തിന്‌ പിന്നാലെയാകും ഓരോ മനുഷ്യനും. മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന ലോക ഫുട്‌ബോൾ മാമാങ്കത്തിന്‌ വ്യാഴാഴ്‌ച അർധരാത്രിയിൽ കിക്കോഫാകും. മെക്‌സിക്കോയിലെ അസ്‌റ്റെക സ്‌റ്റേഡിയത്തിൽ കാഴ്‌ചകളുടെ വിസ്‌മയമൊരുക്കുന്ന ലോകകപ്പിന്‌ തുടക്കം കുറിക്കുന്പോൾ പാലക്കാട്‌ അതിലും ആവേശത്തിലാണ്‌. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കാൽപ്പന്താവേശം അലയടിച്ചുയരുകയാണ്‌. ബാനറുകളും കൂറ്റൻ ഫ്ലക്‌സ്‌ ബോർഡും കട്ട‍ൗട്ടുകളും കൊടിതോരണങ്ങളുമെല്ലാമായി ദിവസങ്ങൾക്ക്‌ മുന്പ്‌ തന്നെ നാടാകെ ലോകകപ്പിനെ വരവേൽക്കാൻ തയ്യാറായി. അർജന്റീന, ബ്രസീൽ ടീമുകളുടെ ഫാൻസുകാരാണ്‌ കൂടുതൽ. പോർച്ചുഗലിനും ശക്തമായ ആരാധകനിരയുണ്ട്‌. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ട‍ൗട്ടുകൾ എല്ലായിടത്തും കാണാം. മെസി, നെയ്‌മർ തുടങ്ങിയവരുടെ കട്ട‍ൗട്ടുകളും മത്സരിച്ചുതന്നെ ഉയർത്തിയിട്ടുണ്ട്‌. മത്സരങ്ങൾ കാണാൻ മിക്കയിടങ്ങളിലും ക‍ൂറ്റൻ സ്‌ക്രീനുകളും തയ്യാറായിട്ടുണ്ട്‌. മഴക്കാലമായതിനാൽ പന്തലുകൾക്കുള്ളിലാണ്‌ സ്‌ക്രീനുകൾ ഒരുങ്ങുന്നത്‌. പന്തലുകൾ ഒരുക്കുന്നത്‌ അധിക ചെലവാണെങ്കിലും അതും സഹിക്കാനാണ്‌ ആരാധകക്കൂട്ടങ്ങളുടെ തീരുമാനം. ലോകകപ്പിനെ വരവേറ്റ്‌ മിക്കയിടങ്ങളിലും റാലികൾ നടക്കുന്നു. ശനിയാഴ്‌ച കേരള പത്രപ്രവർത്തക യൂണിയനും ഓൾ കേരള സ്‌പോർട്‌സ്‌ ഗുഡ്‌സ്‌ ഡീലേഴ്‌സ്‌ അസോസിയേഷനും ചേർന്ന്‌ പാലക്കാട്‌ നഗരത്തിൽ വിളംബര ജാഥ നടത്തും. വൈകിട്ട്‌ അഞ്ചിന്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ പരിസരത്തുനിന്ന്‌ റാലി ആരംഭിക്കും. ചെറിയ കോട്ടമൈതാനത്ത്‌ സമാപിക്കും. ക്ലബ്ബുകൾക്കും റാലിയിൽ പങ്കെടുക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home