ad
Deshabhimani

പ്രതീക്ഷയുടെ പൊൻതിളക്കം

സംസ്ഥാന ജ‍ൂനിയർ ഫുട്‌ബോൾ സെമി ഫൈനലിൽ തൃശൂരും കണ്ണൂരും തമ്മിൽ ഏറ്റുമുട്ടുന്നു

സംസ്ഥാന ജ‍ൂനിയർ ഫുട്‌ബോൾ സെമി ഫൈനലിൽ തൃശൂരും കണ്ണൂരും തമ്മിൽ ഏറ്റുമുട്ടുന്നു

avatar
ജിജോ ജോർജ്‌

Published on Aug 05, 2026, 12:03 AM | 2 min read

പാലക്കാട്‌

കനത്ത മഴയിലും ആവേശം ചോരാതെ ഒരാഴ്‌ചക്കാലം പാലക്കാട്‌ നൂറണി ടർഫിൽ നടന്ന സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്‌ബോൾ ചാന്പ്യൻഷിപ്പ്‌ കേരളത്തിന്‌ നൽകുന്നത്‌ പുതിയ പ്രതീക്ഷകൾ. രാജ്യത്ത്‌ വനിതാ ഫുട്‌ബോൾ കൂടുതൽ മികവിലേക്ക്‌ കുതിക്കുന്ന സമയത്താണ്‌ കേരളത്തിൽനിന്ന്‌ പുതിയ താരങ്ങൾ ഉയർന്നുവരുന്നത്‌. സമീപകാലത്ത്‌ പുരുഷ ഫുട്‌ബോളിനേക്കാൾ ഇന്ത്യ മികവുപുലർത്തുന്നത്‌ വനിതാ ഫുട്‌ബോളിലാണ്‌. ലോകറാങ്കിങ്ങിൽ 69–ാം സ്ഥാനത്തും ഏഷ്യയിൽ 13–ാം സ്ഥാനത്തുമാണ്‌. ലോകറാങ്കിങ്ങിൽ 49–ാം സ്ഥാനത്തുവരെ എത്തിയിരുന്നു. 14 ജില്ലാ ടീമുകളും പങ്കെടുത്ത ചാന്പ്യൻഷിപ്പിൽ മലപ്പുറമാണ്‌ കിരീടം ചൂടിയത്‌. ഫൈനലിൽ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക്‌ തൃശൂരിനെ കീഴടക്കി. കണ്ണൂരും പത്തനംതിട്ടയുമായിരുന്നു സെമി ഫൈനലിൽ എത്തിയ മറ്റു രണ്ടു ടീം. സെമിഫൈനലിൽ എത്തിയ ടീമുകൾക്കൊപ്പംതന്നെ മികവുപുലർത്തിയ മറ്റു രണ്ട്‌ ടീമുകളായിരുന്നു കോഴിക്കോടും ആതിഥേയരായ പാലക്കാടും. പാലക്കാട്‌ മലപ്പുറത്തിന്റെ ഗ്രൂപ്പിലും കോഴിക്കോട്‌ തൃശൂരിന്റെ ഗ്രൂപ്പിലുമായതിനാൽ സെമിയിലെത്താതെ പുറത്തായി. ചാന്പ്യൻഷിപ്പിൽ കണ്ണൂരിന്റെ വൈഡൂരി (ഗോൾ കീപ്പർ), തൃശൂരിന്റെ സി ജി ആഷി (പ്രതിരോധം) മലപ്പുറത്തിന്റെ എ തീർത്ഥ (മധ്യനിര), എൻ കെ ഫിഷ്‌ന ഷെറിൻ (മുന്നേറ്റം) എന്നിവർ മികച്ച താരങ്ങളായി. എട്ട്‌ ഗോൾ നേടിയ മലപ്പുറത്തിന്റെ എം അസയാണ്‌ ടോപ്‌ സ്‌കോറർ. അസയുടെ ഇരട്ട ഗോളിലാണ്‌ ഫൈനലിൽ മലപ്പുറം കപ്പ്‌ തൂക്കിയത്‌. ഇവർക്കുപുറമേ തൃശൂരിന്റെ മുന്നേറ്റതാരം ഇവാന എ ബിജു, കണ്ണൂരിന്റെ മധ്യനിര താരം അർപ്പിത സാറ ബിജു, മുന്നേറ്റ താരം സാമന്ത സാൻ, കോഴിക്കോടിന്റ മധ്യനിര താരം വി നന്ദ, പ്രതിരോധ താരം ഫൈഹ ഫാത്തിമ, മലപ്പുറത്തിന്റെ മധ്യനിര താരം ഐറിൻ സന്തോഷ്‌ തുടങ്ങിയവർ മികച്ച പ്രകടനം നടത്തി. അതേസമയം മികച്ച ഗോൾകീപ്പർമാരുടെ അഭാവം നിഴലിച്ചുനിന്നു.

മികച്ച പ്രകടനം "

പെൺകുട്ടികളുടെ ഫുട്‌ബോളിൽ കേരളം ഏറെ മുന്നോട്ടുപോയി. ജൂനിയർ ചാന്പ്യൻഷിപ്പിൽ മികച്ച പ്രകടനമാണ്‌ പല താരങ്ങളും നടത്തിയത്‌. സ്ഥിരമായി പരിശീലനം നടത്തുന്നതിന്റെയും കൂടുതൽ അക്കാദമികളും സ്‌പോർട്‌സ്‌ ഹോസ്‌റ്റലുകളും വന്നതിന്റെ ഗുണം കണ്ടുതുടങ്ങി. ഭാവിയിൽ കേരളത്തിൽനിന്നുള്ള നിരവധി താരങ്ങൾ ഇന്ത്യൻ ജഴ്‌സി അണിയും. ’

- ​പി കെ രാജീവ്‌ (കേരള സന്തോഷ്‌ ട്രോഫി ടീം മുൻ പരിശീലകൻ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home