മുണ്ടത്തിക്കോട് ദുരന്തത്തിൽനിന്നും 2011ലെ ത്രാങ്ങാലി സ്‌ഫോടനത്തിൽനിന്നും രക്ഷപ്പെട്ട് ഉണ്ണികൃഷ്‌ണൻ
കാലം കാത്തു 2 തവണയും

2011ൽ നടന്ന ത്രാങ്ങാലി അപകടസ്ഥലം ചൂണ്ടിക്കാണിക്കുന്ന ഉണ്ണികൃഷ്ണൻ
എം സനോജ്
Published on Apr 23, 2026, 12:53 AM | 1 min read
ഒറ്റപ്പാലം
മരണത്തിന്റെ പുകയിൽനിന്ന് ഉണ്ണികൃഷ്‌ണൻ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് രണ്ടാം തവണ. കേരളത്തിൽ ഒന്നരപ്പതിറ്റാണ്ടിനിടെ ഉണ്ടായ രണ്ട് വലിയ വെടിക്കെട്ടുപുര സ്‌ഫോടനങ്ങളിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടയാളാണ് ഷൊർണൂർ കവളപ്പാറ കിഴക്കേതിൽ ഉണ്ണികൃഷ്ണൻ (57). ചൊവ്വാഴ്‌ച മുണ്ടത്തിക്കോട്ടുണ്ടായ ദുരന്തത്തിൽനിന്നും 2011 ഫെബ്രുവരി ഒന്നിന് ത്രാങ്ങാലിയിലുണ്ടായ അപകടത്തിൽനിന്നും രക്ഷപ്പെട്ടു. മുണ്ടത്തിക്കോട്ടിൽ വെടിക്കോപ്പ് ഒരുക്കുന്നതിനിടെ ശുചിമുറിയിലേക്ക് പോയതായിരുന്നു. തിരികെ വരുമ്പോഴാണ് ആദ്യത്തെ പൊട്ടൽകേൾക്കുന്നത്. ഉടൻ ഓടി. ഓട്ടത്തിനിടെ ഉഗ്ര ശബ്ദത്തോടെ പടക്കം തൊട്ടടുത്തുവന്ന് പൊട്ടി. നിലത്തുവീണെങ്കിലും എഴുന്നേറ്റോടി. ആ പിടച്ചിൽ ഇപ്പോഴും മാറിയിട്ടില്ല. കത്തിയമർന്ന ഒപ്പമുള്ളവരെ ഓർക്കുന്പോൾ നെഞ്ച് പിടയുകയാണ്. ത്രാങ്ങാലിയിൽ ഭാരതപ്പുഴയോരത്തായിരുന്നു വെടിമരുന്ന് നിർമാണശാല. വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ജോലിക്കിടെ കുളിക്കാൻപോയതായിരുന്നു. മടങ്ങിയെത്തിയപ്പോൾ കണ്ടത് റെയിൽപ്പാളത്തിന് അപ്പുറത്തുള്ള വെടിപ്പുരകൾക്ക് തീപിടിച്ച കാഴ്‌ച. സഹോദരൻ അറുമുഖന്റെ ജീവനും നഷ്ടപ്പെട്ടു. ഒപ്പം ജോലി ചെയ്‌തിരുന്ന 13 പേർ അന്ന് മരിച്ചു.










0 comments