ഇവിടം ജൈവമാണ്

അഭിലാഷ് കൃഷിയിടത്തിൽ

സായൂജ് ചന്ദ്രൻ
Published on Aug 01, 2026, 01:29 AM | 2 min read
പാലക്കാട്
"ഇത് എനിക്ക് ബിസിനസ് അല്ല, ഇവിടെ വരുമ്പോൾ ഒരു മനസമാധാനമാണ്' ആറുസെന്റ് ഭൂമിയിൽ നട്ടുനനച്ച പച്ചക്കറികളെ പരിചരിക്കുമ്പോൾ അഭിലാഷിന് അതിരില്ലാത്ത ആനന്ദം, മണിക്കൂറോളം വെയിലേറ്റ് നിന്നാലും ക്ഷീണമില്ല. ചിറ്റൂർ കുപ്പൻപുള്ളി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ അഭിലാഷ് മൂന്നാം തവണയാണ് ഓണത്തിനോടനുബന്ധിച്ച് ജൈവകൃഷിയിറക്കുന്നത്. വിവിധയിനം പയറുകൾ, വഴുതന, പടവലം, അമരക്ക, ബീൻസ്, തക്കാളി, മത്തൻ, മുളക്, പടവലം, ക്വാളിഫ്ലവർ എന്നിങ്ങനെ 27ന് മുകളിൽ പച്ചക്കറി വൈവിധ്യങ്ങളുണ്ട് വീട്ടുപറമ്പിൽ. വീടിന് മുകളിലേക്ക് പടർന്നിരിക്കുന്ന പയർ, പാവക്ക വള്ളികൾ, ടറസിൽ ഗ്രോബാഗുകളിലുമുണ്ട് പച്ചക്കറിക്കൂട്ടം. രാസവസ്തുക്കർക്കും കീടനാശിനികൾക്കും വേലിക്കിപ്പുറം പ്രവേശനമില്ല. അതിനുമുണ്ട് അഭിലാഷിന് കാരണം. അഞ്ച് വർഷംമുമ്പ് തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കണ്ട കാഴ്‌ചകൾ. അതുവരെ കേട്ടുകേൾവിയിൽ പോലുമില്ലാത്ത രോഗങ്ങളാൽ പ്രയാസപ്പെടുന്ന കുരുന്നു ജീവനുകൾ. മിക്ക രോഗങ്ങൾക്കും വഴിയായത് മായം കലർന്ന ഭക്ഷണം. അന്ന് ആശുപത്രി വരാന്തവിടുമ്പോൾ മനസിലുറപ്പിച്ചു "എന്റെ വീട്ടിൽ ഇങ്ങനെയൊരു സ്ഥിതിയുണ്ടാവരുത്'. വീടിന്റെ ടെറസിലും പുറകിലും ഗ്രോബാഗുകളിൽ അടുക്കളത്തോളം ഒരുക്കിയാണ് തുടക്കം. ജൈവകൃഷിയിൽ വിളവെടുത്ത പച്ചക്കറി പരിചയത്തിലുള്ളവർക്കും നൽകണമെന്നായി പിന്നീടുള്ള ചിന്ത. ഇതോടെ രണ്ട് വർഷം കഴിഞ്ഞപ്പോൾ തൊട്ടടുത്ത പറമ്പിലേക്കും കൃഷി വ്യാപിപ്പിച്ചു.
കൃഷി എന്ന ആനന്ദം...
കൃഷിയേക്കാൾ വലിയ ആനന്ദമില്ല അഭിലാഷിന്. പുലർച്ചെ തുടങ്ങും മണിക്കൂറുകളോളമുള്ള പരിപാലനം. പകലിൽ ഓട്ടോറിക്ഷയോടിച്ച് ഉപജീവനം. വൈകിട്ട് വീണ്ടും പ്രിയപ്പെട്ട കൃഷിയിടത്തിലേക്ക്. കൂടെ ഭാര്യ സുകന്യയും മക്കൾ അനന്യയും അഭിനയയും. ഓണക്കാലം കേന്ദ്രീകരിച്ചുള്ള കൃഷി വിഷുവിന് ശേഷമാണ് ആരംഭിക്കുന്നത്. ഓരോ വർഷവും വിളവെടുത്തതിൽനിന്ന് ശേഖരിക്കുന്ന വിത്തുകളാണ് അടുത്ത വർഷത്തേക്കുള്ള കരുതൽ. ആട്ടിൻകാഷ്‌ഠം, കോഴിക്കാഴഷ്‌ഠം, വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡർമ തുടങ്ങിയവയാണ് വളങ്ങൾ. പച്ചില വളത്തിനായി ശീമക്കൊന്നയും അതിരിലുണ്ട്. പ്ലാവ്, മാവ്, മുരിങ്ങ, തേക്ക് മരങ്ങളും പറമ്പിന് ചുറ്റുമുണ്ട്. പ്രകൃതിദത്ത രീതി കൂടാതെ പരീക്ഷണാടിസ്ഥാനത്തിലുമുണ്ട് കൃഷി. പിവിസി പൈപ്പിൽ മണ്ണ് നിറച്ച് കുരുമുളക് പടർത്തി. തണുത്ത കാലാവസ്ഥയിൽമാത്രം വളരുന്ന കാരറ്റും ബീറ്റ്‌റൂട്ടും കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ്. പച്ചക്കറിത്തോട്ടത്തിൽ ചെണ്ടുമല്ലി, വാടാർമല്ലി പൂക്കളുമുണ്ട്.
കച്ചവടമല്ല കാര്യം...
കച്ചവടമോ പണമോ പ്രഥമ വിഷയമല്ല. വീട്ടാവശ്യത്തിന് ശേഷം ഗുണമേൻമയുള്ള പച്ചക്കറികൾ കുറച്ചുപേർക്കെങ്കിലും എത്തിക്കുക. കടകളിൽ നേരിട്ട് എത്തിക്കുന്ന രീതിയും അഭിലാഷിനില്ല. വിളവെടുത്താൽ വാട്‌സാപ്പിൽ സ്റ്റാറ്റസിടും പരിചയക്കാർ വിളിക്കും. അവരിൽനിന്ന് അറിഞ്ഞ് മറ്റുള്ളവരും. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിലാണ് വിൽപ്പന. ഓട്ടം പോകുന്ന വഴിയിൽ ആവശ്യപ്പെട്ടവരുടെ വീട്ടിലെത്തിക്കും. കൃഷിയെ ജീവനായി കാണുന്ന അഭിലാഷിന് കഴിഞ്ഞ വർഷം പൊൽപ്പുള്ളി കൃഷിഭവന്റെ മികച്ച കർഷകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.










0 comments