കൃഷിഭവനുകൾക്കുമുന്നിൽ കർഷകസംഘം പ്രതിഷേധം 30ന്
ഉയരും കർഷക രോഷം

പാലക്കാട്
കർഷക വിരുദ്ധ കേന്ദ്രനയങ്ങളിലും നെല്ല് സംഭരണം അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥരുടെയും മില്ലുകാരുടെയും നീക്കത്തിനുമെതിരെ ജില്ലയിൽ കർഷകരോഷം ഉയരുന്നു. വ്യാഴാഴ്‌ച കൃഷിഭവനുകൾക്കുമുന്നിൽ മാർച്ചും ധർണയും നടത്താനാണ് കർഷകസംഘം ജില്ലാ കമ്മിറ്റി തീരുമാനം. ആയിരക്കണക്കിനുകർഷകർ പ്രതിഷേധത്തിന്റെ ഭാഗമാകും. കർഷകരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നെല്ല് സംഭരണം സഹകരണസംഘങ്ങൾ മുഖേനയാക്കാൻ സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കിയ പൈലറ്റ് പദ്ധതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥാ ശ്രമം നടക്കുകയാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. നെല്ല് സംഭരണം അട്ടിമറിച്ച് കുത്തകകൾക്ക് തീറെഴുതാനുള്ള ബിജെപി നീക്കങ്ങളെ സഹായിക്കാനാണ് ചില ഉദ്യോഗസ്ഥരും മില്ലുകാരും സംഭരണം മനഃപൂർവം വൈകിപ്പിക്കുന്നത്. പലസ്ഥലങ്ങളിലും നെല്ലെടുക്കാതെ കെട്ടിക്കിടക്കുന്നു. പെരുമാറ്റച്ചട്ടത്തിന്റെ മറവിൽ സ്റ്റാഫുകളെ നിയമിക്കാതെ പിആർഎസ് നൽകുന്നതിൽ കാലതാമസം വരുത്തുന്നു. ഇതുകൂടാതെ, കിഴിവ് ആവശ്യപ്പെട്ട് മില്ലുകാരുടെ ചൂഷണം വേറെയും. നെല്ലിന്റെ ഇൗർപ്പത്തിന്റെ അളവ് 17 ശതമാനംവരെയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. എന്നാൽ, 12 ശതമാനം ഇൗർപ്പമുള്ളതുകൂടി മില്ലുകാർ എടുക്കുന്നില്ല. താങ്ങുവില അനുവദിക്കാതെയും പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രം തുടരുന്ന കർഷകവിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധമിരമ്പും. എല്ലാ കാർഷിക വിളകൾക്കും മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും സ്വമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നുമുള്ള കർഷകരുടെ ദീർഘകാല ആവശ്യം കേന്ദ്രം ചെവികൊണ്ടിട്ടില്ല. ഉൽപ്പാദനച്ചെലവിനേക്കാൾ ഒന്നര മടങ്ങ് താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നാണ് കമീഷൻ ശുപാർശ. കാലാവസ്ഥാ കെടുതികളിലും മറ്റും കർഷകന് നഷ്ടം ഇരട്ടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വായ്‌പകൾ എഴുതിത്തള്ളാൻ വിസമ്മതിച്ചും കൃഷിച്ചെലവ് വർധിപ്പിച്ചും കേന്ദ്രം കാർഷിക പ്രതിസന്ധി കൂടുതൽ വഷളാക്കി. കോർപറേറ്റ്, വിദേശ താൽപ്പര്യങ്ങൾക്കുകീഴടങ്ങി സ്വതന്ത്ര വ്യാപാര കരാറുകളും സ്വകാര്യവൽക്കരണവും നടപ്പാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 38 ശതമാനംവരെയാണ് കർഷക ആത്മഹത്യ. 2017 മുതലുള്ള കുടിശ്ശിക ഇനത്തിൽ 1,722 കോടി രൂപ കേരളത്തിന് നൽകാനുണ്ട്. സംഭരണവിലയും ബോണസും ചേർത്ത് 30 രൂപയ്ക്കാണ് സംസ്ഥാനത്ത് നെല്ലെടുക്കുന്നത്. കർഷകർക്ക് തണലാകുന്ന സംസ്ഥാന സർക്കാർ നയങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധം തുടരുമെന്ന് ജില്ലാ കമ്മിറ്റി പറഞ്ഞു.










0 comments