മികച്ച ചികിത്സ, ആധുനിക സൗകര്യങ്ങൾ

വൈ എൻ മനോജ്‌കുമാർ
Published on Jul 04, 2025, 12:57 AM | 1 min read
കേരളശേരി
മുടക്കമില്ലാത്ത വൈദ്യുതിക്കായി സോളാർ... ഇ–-സഞ്ജീവനി, ഗർഭിണികൾക്ക് പ്രത്യേകം ക്ലിനിക്, മാനസിക ആരോഗ്യക്ലിനിക്, കൗമാരക്കാർക്ക് കൗൺസലിങ്... മികച്ച സേവനവും ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയപ്പോൾ കേരളശേരി കുടുംബാരോഗ്യകേന്ദ്രം മികവിന്റെ കേന്ദ്രമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ലോകബാങ്കിന്റെ സഹായത്തോടെ 86.33 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടമൊരുക്കി. ദിവസേന 120 മുതൽ 200 വരെ രോഗികൾ ഒപിയിൽ എത്തുന്നു. രണ്ട് ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്‌സ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പെടെ 20 ജീവനക്കാരാണുള്ളത്. മുഴുവൻ സമയവും സോളാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. ശ്വാസ്ആശ്വാസ് ക്ലിനിക്കുകൾ, കണ്ണുപരിശോധനാ കേന്ദ്രം, ജീവിതശൈലീരോഗനിർണയ ക്ലിനിക് എന്നിവയും ഈ ഗ്രാമീണ ആതുരാലയത്തിലുണ്ട്. ആശുപത്രിയുടെ ഒന്നാം നിലയിൽ ഓഫീസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസ് എന്നിവയും രണ്ടാമത്തെ നിലയിൽ മെഡിക്കൽ ഓഫീസർ കൗണ്ടർ, ഒപി രജിസ്‌ട്രേഷൻ, പരിശോധനാമുറികൾ, ശീതീകരിച്ച ഫാർമസി, ലാബ് എന്നിവയും മൂന്നാമത്തെ നിലയിൽ വാക്‌സിനേഷൻ റൂം എന്നിവയുമാണുള്ളത്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം ശുചിമുറികളുമുണ്ട്. നൂറിലധികം രോഗികൾക്ക് പാലിയേറ്റീവ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിൽ നാല് ഹെൽത്ത് വെൽനെസ് സെന്ററുകളുമുണ്ട്. ആയുർവേദം, അലോപ്പതി, ഹോമിയോ ആശുപത്രികളെ ഒരു കുടക്കീഴിലാക്കാനായത് പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ ഗുണമായി.










0 comments