Deshabhimani

അവർ ഓർമിപ്പിക്കുന്നു

ഓരോ കുഞ്ഞും ഓരോ ഭാവിയാണ്‌

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തടയാൻ നടപടി സ്വീകരിക്കാത്ത യുഡിഎഫ്‌ സർക്കാരിനെതിരെ 
ശിശുദിനത്തിൽ ബാലസംഘം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം നടത്തിയ 
ഉപവാസ സമരത്തിൽ കുട്ടികൾ പ്ലക്കാർഡ് ഉയർത്തുന്നു
വെബ് ഡെസ്ക്

Published on Nov 15, 2026, 02:00 AM | 1 min read

സ്വന്തം ലേഖകൻ

അഗളി

ശിശുദിനമായിരുന്നു ശനിയാഴ്‌ച. കുട്ടിക്കൂട്ടങ്ങളുടെ ആഘോഷ ദിവസം. എന്നാൽ അവർ ഇത്തവണ ആഘോഷം ഉപേക്ഷിച്ചു. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തടയാൻ നടപടി സ്വീകരിക്കാത്ത യുഡിഎഫ്‌ സർക്കാരിനെതിരെ ഉപവാസ സമരത്തിനായി അതേ ദിവസംതന്നെ തെരഞ്ഞെടുത്തു. നാളെയോടുള്ള ഭാവിതലമുറയുടെ കരുതലായിരുന്നു അത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന്‌ കുട്ടികളാണ്‌ രാവിലെ അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്തെത്തിയത്‌. പിന്നീട്‌ ട‍ൗണിൽ ഇവർ പ്രകടനം നടത്തി. ശിശുരോദനം കേൾക്കാത്ത സർക്കാർ നാടിന്‌ അപമാനം, ഓരോ കുഞ്ഞും ഓരോ ഭാവിയാണ്‌, ഓരോ കുഞ്ഞിനും ജനിക്കാനും ജീവിക്കാനുമുള്ള അവകാശമുണ്ട്‌ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡും വെള്ളക്കൊടിയും കൈയിലേന്തിയാണ്‌ കുട്ടികൾ പ്രകടനത്തിൽ അണിചേർന്നത്‌. ഉദ്‌ഘാടക കെ കെ ശൈലജ എത്തിയപ്പോൾ ആവേശം വാനോളം ഉയർന്നു. ബാലസംഘം മുൻ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം ചിന്ത എഴുതിയ "പൂക്കളുടെ മരണം' എന്ന കവിത അവർതന്നെ ആലപിച്ചാണ്‌ ഉപവാസം തുടങ്ങിയത്‌. സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഗായിക നഞ്ചിയമ്മയും എത്തി. ബാലസംഘം പുതുശേരി അക്കാദമിക്‌ കൺവീനർ കെ സുചിത്ര എഴുതിയ "അവളുടെ ലോകം' പുസ്‌തകം കെ കെ ശൈലജ പ്രകാശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വർഗ–ബഹുജന സംഘടന പ്രവർത്തകരും ഐക്യദാർഢ്യവുമായെത്തി. ബാലസംഘം ജില്ലാ പ്രസിഡന്റ്‌ സി എസ്‌ നിവേദ്യ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ്‌, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം എ അശ്വതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി കെ അഭിനവ്‌, കെ പ്രേംജിത്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ സി അനൂപ്, വി ദയശ്രീ, വൈസ്‌ പ്രസിഡന്റുമാരായ വി അക്ഷയ്‌, ആർ അക്ഷയ, ജില്ലാ കോ–ഓർഡിനേറ്റർ വി ആർ സൂരജ്‌, ജില്ലാ ജോയിന്റ്‌ കൺവീനർമാരായ കെ ആർ അഭിഷേക്‌, കെ സുലോചന തുടങ്ങിയവരുൾപ്പെടെ നൂറോളം കൂട്ടുകാർ രാവിലെ പത്തുമുതൽ വൈകിട്ട്‌ അഞ്ച്‌ വരെ ഉപവസിച്ചു. ജില്ലാ സെക്രട്ടറി എസ്‌ ഭഗത്‌ സ്വാഗതവും ജില്ലാ കൺവീനർ പി ടി രാഹേഷ്‌ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home