തൊഴിലുറപ്പ് പദ്ധതി അട്ടപ്പാടിയിൽ 38,671 തൊഴിൽദിനങ്ങൾ കുറഞ്ഞു

തൊഴിലുറപ്പ് പദ്ധതി അട്ടപ്പാടിയിൽ 38,671 തൊഴിൽദിനങ്ങൾ കുറഞ്ഞു
വി കെ രഘുപ്രസാദ്
പാലക്കാട്
അട്ടപ്പാടി ഉൗരുകളിൽ ശിശുമരണങ്ങൾ തുടരുമ്പോഴും ആദിവാസി വിഭാഗങ്ങളുടെ പ്രധാന വരുമാനമായ തൊഴിലുറപ്പ് പദ്ധതി അവതാളത്തിൽ. നാലുമാസത്തിനിടെ 38,671 തൊഴിൽ ദിനങ്ങളാണ് അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി കുറഞ്ഞത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മെയ് പകുതി മുതൽ ജൂൺ അവസാനംവരെ 79,458 തൊഴിൽദിനങ്ങളാണ് ലഭിച്ചിരുന്നത്. വിബി ജി റാം ജി പദ്ധതി നടപ്പായ ജൂലൈ ഒന്നുമുതൽ ഒക്‌ടോബർ 30 വരെ 2,11,800 തൊഴിൽ ലഭിക്കണം. എന്നാൽ ലഭിച്ചത് 1,73,129 തൊഴിൽ ദിനങ്ങൾ. 19 ശതമാനം തൊഴിൽ ദിനങ്ങൾ കുറഞ്ഞു. സാമ്പത്തികവർഷം അവസാനത്തെ ഒൗദ്യോഗിക നടപടി ക്രമങ്ങങ്ങളും ഉൗരുകളിലെ ഉത്സവവും കാരണം മെയ് പകുതി മുതലാണ് അട്ടപ്പാടിയിൽ തൊഴിലുറപ്പ് പദ്ധതി സജീവമാകുക. ജൂലൈമുതൽ ഒക്‌ടോബർവരെയാണ് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിബി ജി ആർഎഎംജി ബില്ലും അത് നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന വിമുഖതയുമാണ് വിനയാകുന്നത്. വിബി ജി റാംജിയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേരത്തേയുള്ള പദ്ധതികളിലെ തുടർ പ്രവർത്തനമാണ് നടക്കുന്നത്. ഇതിലാകട്ടെ കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങൾ പ്രതിസന്ധിയാകുന്നു. നീർത്തട സംരക്ഷണ പ്രവർത്തനങ്ങളും പാഴ്‌ത്തടി തടയണ നിർമാണവുമാണ് തൊഴിലുറപ്പിന് കീഴിൽ അട്ടപ്പാടിയിൽ പ്രധാനമായും നടന്നിരുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ ഇൗ പ്രവൃത്തിക്ക് അഞ്ചുലക്ഷം രൂപവരെ അനുവദിച്ചിരുന്നു. ഇതുവഴി 1400 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ വിബി ജി റാംജിയിൽ ഇതിനുള്ള തുക രണ്ടുലക്ഷമായി കുറച്ചു. ഇതോടെ 400 തൊഴിൽ ദിനങ്ങൾമാത്രമേ നൽകാനാകൂ. പുതിയ പദ്ധതിയിൽ തൊഴിലുകൾ ‘യുഘ്‌തധാര’ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തശേഷം പ്രധാനമന്ത്രി ഗതിശക്തി പോർട്ടലിലും അപ്‌ലോഡ് ചെയ്യണം. ഇതിനൊന്നും ജീവനക്കാർക്ക് പരിശീലനം കിട്ടിയിട്ടില്ല. സംസ്ഥാന സർക്കാരാണ് ഇത് ചെയ്യേണ്ടത്.









0 comments