ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു

വാളയാർ ബി ലൈൻ പാളം
വാളയാർ
വാളയാർ പുതുപ്പതിയിൽ ബി ലൈൻ പാളത്തിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയും ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. 11 മാസമുള്ള കുട്ടിയാനയും 16 വയസ്സുള്ള പിടിയാനയുമാണ് ചരിഞ്ഞത്. വ്യാഴം പുലർച്ചെ 12.30ന് മംഗളൂരു-–ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിനിടിച്ചാണ് അപകടം. ഇതോടെ അഞ്ചു മാസത്തിനിടെ ഈ പാതയിൽ ട്രെയിൻ ഇടിച്ചു ചരിഞ്ഞത് മൂന്ന് കാട്ടാനകളാണ്. വേഗം കുറവായതിനാലും ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലുമാണ് ട്രെയിൻ പാളംതെറ്റിയുണ്ടായേക്കാവുന്ന വൻ ദുരന്തം ഒഴിവായത്. ഇടിച്ച ശേഷം 35 മീറ്ററോളം ആനകളുടെ ജഡം ട്രാക്കിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. എൻജിന് അടിയിലാണ് ആനകളുടെ ജഡം കുടുങ്ങിയിരുന്നത്. ഇടിയുടെ ആഘാതത്തിൽ ആന്തരാവയവങ്ങൾക്കും മസ്‌തിഷ്‌ക ഭാഗത്തുമുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് വനംവകുപ്പിന്റെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പശ്ചിമഘട്ട മലനിരയായതിനാൽ 43 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് ട്രെയിൻ സഞ്ചരിച്ചിരുന്നതെന്നും അതിനാലാണ് എൻജിൻ ഭാഗത്ത് ആനകൾ കുടുങ്ങിയിട്ടും ട്രെയിൻ പാളം തെറ്റാതിരുന്നതെന്നും റെയിൽവേ എൻജിനിയറിങ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. തൃശൂരിൽനിന്നുള്ള ചീഫ് വെറ്ററിനറി ഓഫീസർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ട്രാക്കിനോട് ചേർന്ന വനത്തിനുള്ളിൽ ആനകളെ സംസ്‌കരിച്ചു. പാലക്കാട് ഡിആർഎം മധുകർ റൗത്ത്, സീനിയർ ഡിവിഷണൽ എൻജിനിയർ മുഹമ്മദ് ഇസ്ലാം, സീനിയർ ഡിവിഷണൽ ഇലക്‌ട്രിക് ഓപ്പറേഷൻ വിഭാഗം എൻജിനിയർ കെ വിജയകുമാർ, സീനിയർ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസ് എന്നിവർ സ്ഥലത്തെത്തി.










0 comments