കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം
നട്ടംതിരിഞ്ഞ് കെഎസ്‌ഇബി ജീവനക്കാർ

വി കെ രഘുപ്രസാദ്
Published on Apr 18, 2026, 12:36 AM | 1 min read
പാലക്കാട്
കടുത്ത വേനലിൽ ഉപയോഗം കൂടിയതോടെ ലൈനുകൾക്ക് അമിതഭാരം താങ്ങാൻ കഴിയാതെ പലയിടത്തും വൈദ്യുതി മുടക്കം പതിവ്. തകരാർ പരിഹരിക്കാൻ വിശ്രമമില്ലാത്ത ജോലിയിലാണ് കെഎസ്‌ഇബി ജീവനക്കാരും ഉദ്യോഗസ്ഥരും. 350 മുതൽ 380 മെഗാവാട്ടുവരെയാണ് നിലവിൽ ജില്ലയിലെ പ്രതിദിന വൈദ്യുതി ഉപയോഗം. രാത്രിയിലാണ് ഏറ്റവും കൂടുതൽ. എയർ കണ്ടീഷന്റെയും ഫാനിന്റെയും ഉപയോഗം വർധിച്ചു. മിക്ക വീടുകളിലും ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതും രാത്രിയിലാണ്. ലോഡ് താങ്ങാൻ കഴിയാതെ ട്രാൻസ്‌ഫോർമറുകളുടെ ഫ്യൂസ് തനിയെ കട്ടാകുന്നതാണ് വൈദ്യുതി മുടക്കത്തിന് കാരണം. ശേഷിയുടെ ഇരട്ടിയാണ് ഓരോ ട്രാൻസ്‌ഫോർമറുകളിലൂടെയും പ്രവഹിക്കുന്നത്. ഒരു ദിവസംതന്നെ ഒന്നും രണ്ടും തവണ ഫ്യൂസ് കട്ടാകാറുണ്ടെന്ന് കെഎസ്‌ഇബി വർക്കർമാർ പറയുന്നു. കെഎസ്‌ഇബി വർക്കർമാരുടെയും ലൈൻമാൻമാരുടെയും ജോലിഭാരവും ഇരട്ടിയായി. വൈദ്യുതി കട്ടാകുന്ന നിമിഷംതന്നെ കെഎസ്‌ഇബി ഓഫീസിലേക്ക് വിളിവരും. പാതിരാത്രിയായാലും പ്രശ്‌നം കണ്ടെത്തി പരിഹരിക്കണം. ലൈൻ തകരാറായാൽ വലിച്ചുകെട്ടൽ ഏറെ പ്രയാസം. കടുത്ത ചൂടിൽ പോസ്റ്റിൽ കയറുന്നതിലും അപകട സാധ്യതയേറെ. ചൂടുകാരണം വൈദ്യുതിക്കമ്പി തൊടാൻപറ്റാത്ത അവസ്ഥയിലായിരിക്കും. രണ്ടോ മൂന്നോ പേരാണ് രാത്രിജോലിക്ക് ഉണ്ടാവുക. ഇവരെക്കൊണ്ട് എല്ലായിടത്തും ഒരേസമയം ഓടിയെത്തി പ്രശ്‌നം പരിഹരിക്കുക അസാധ്യമാണെന്ന് കെഎസ്‌ഇബി പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി സി ഗിരിജ പറഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും കണക്ഷൻ നൽകുമ്പോഴുള്ളതിനേക്കാൾ ഇരട്ടിയാണ് പിന്നീട് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന വൈദ്യുതി ഉപകരണങ്ങൾ.










0 comments