28 വർഷമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ക്ലാസെടുക്കുന്ന ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർ പി മധു 31ന് സർവീസിൽനിന്ന് പടിയിറങ്ങുന്നു
സ്വീറ്റ് മെമ്മറീസ്, ഇലക്ഷൻ മാസ്‌റ്റർ

തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച ജീവനക്കാർക്ക് പി മധു ക്ലാസെടുക്കുന്നു

സായൂജ് ചന്ദ്രൻ
Published on Mar 25, 2026, 12:26 AM | 1 min read
പാലക്കാട്
തെരഞ്ഞെടുപ്പ് ഗോദയിലെ ഉദ്യോഗസ്ഥർക്ക് കരുത്ത് പകരുന്ന ട്രെയിനർ ആദ്യമെന്നപോലെ അവസാനമായി ഓടിനടക്കുകയാണ്. മൂന്നുപതിറ്റാണ്ടിന്റെ സർവീസിൽനിന്ന് 19-–ാം തെരഞ്ഞെടുപ്പ് പൂർത്തിയാക്കി 31ന് പടിയിറങ്ങുന്ന പാലക്കാട് ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർ പി മധുവിന് കുന്നോളമുണ്ട് തെരഞ്ഞെടുപ്പ് ഓർമകൾ. 1997ൽ പാലക്കാട് താലൂക്കിൽ ക്ലർക്കായാണ് തുടക്കം. 1998ലെ ലോക് സഭാ തെരഞ്ഞെടുപ്പിനാണ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനുള്ള അവസരം ആദ്യമായി കൈവരുന്നത്. പിന്നീട് വന്ന ലോക്‌സഭ, നിയമസഭ, തദ്ദേശതെരഞ്ഞെടുപ്പുകളിലെല്ലാം പരിശീലകനായി. 2016ൽ സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയിനറായി സ്ഥാനക്കയറ്റം. തെരഞ്ഞെടുപ്പ് നാളുകളാണ് മധുവിന് ഉത്സവക്കാലം. ഉൗർജസ്വലനായി ഓടിയെത്തി സംശയങ്ങൾക്ക് ഉടനടി പരിഹാരം നൽകുന്ന ഉദ്യോഗസ്ഥൻ. ജില്ലയിൽ വിവിധയിടങ്ങളിലാണ് ക്ലാസെടുക്കാനെത്തുക. പോളിങ് ബൂത്തിൽ പ്രത്യേക സാഹചര്യങ്ങൾ കൈാര്യം ചെയ്യേണ്ട വിധം, വോട്ടെടുപ്പ് രീതികൾ, വിവിധ ഫോമുകൾ തുടങ്ങിയവ ക്ലാസിൽ ചർച്ചചെയ്യും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുട്യൂബിലൂടെയും ക്ലാസുകളെടുത്തു. ജോലിയിലും വിട്ടുവീഴ്‌ചയില്ല. 2010–2012 വർഷങ്ങളിൽ ഡിടിപിസി സെക്രട്ടറിയായിരിക്കെ മധുവിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ "പാലക്കാട് സ്ഥലം കാലം ചരിത്രം' പുസ്‌തകവും പാലക്കാടിന്റെ പ്രിയപ്പെട്ട ശിലാവാടിക പാർക്കുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവ. കൂടാതെ കേരള സംഗീത നാടക അക്കാദമിയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായും പ്രവർത്തിച്ചു. തിരക്കിട്ട ജീവിതത്തിൽ ഫുട്‌ബോളിനെക്കുറിച്ച് എഴുതിയ പുസ്‌തകം "കാൽപ്പന്ത് കളിയിലെ കൈയൊപ്പുകൾ' പ്രകാശിപ്പിക്കാൻ ഒരുങ്ങുകയാണിപ്പോൾ. അധ്യാപികയായ എച്ച് എം ലതയാണ് ഭാര്യ. മകൾ നന്ദിത ബിടെക് വിദ്യാർഥിയാണ്.










0 comments