ad
Deshabhimani

എൽഡിഎഫ്‌–7; യുഡിഎഫ്‌ –5

കൊടുങ്കാറ്റിലും കുലുങ്ങാതെ ചെങ്കോട്ട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വേണു കെ ആലത്തൂർ

Published on May 05, 2026, 01:19 AM | 1 min read

പാലക്കാട്‌

യുഡിഎഫ്‌ അനുകൂല തരംഗത്തിലും കാര്യമായ ഇളക്കം തട്ടാതെ പാലക്കാടൻ ചെങ്കോട്ട. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിൽ ഏഴിടത്തും എൽഡിഎഫ്‌ വിജയിച്ചു. ഷൊർണൂർ, പട്ടാമ്പി, ഒറ്റപ്പാലം, മലമ്പുഴ, നെന്മാറ, ആലത്തൂർ, തരൂർ എന്നിവിടങ്ങളിലാണ്‌ എൽഡിഎഫ്‌ വിജയം. പാലക്കാട്‌, മണ്ണാർക്കാട്‌ മണ്ഡലങ്ങൾ യുഡിഎഫ്‌ നിലനിർത്തി. തൃത്താല, കോങ്ങാട്‌, ചിറ്റൂർ മണ്ഡലങ്ങളും ഇത്തവണ നേടി. ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേടിയതിനേക്കാൾ വോട്ട്‌ വർധിപ്പിക്കാൻ എൽഡിഎഫിനായി. ഒറ്റപ്പാലം, മലന്പുഴ എന്നിവിടങ്ങളിൽ സ്വതന്ത്രരെ പരീക്ഷിച്ച്‌ വിജയിക്കാമെന്ന്‌ കണക്കുകൂട്ടിയ യുഡിഎഫിന്‌ വലിയ തിരിച്ചടി നേരിട്ടു. ഒറ്റപ്പാലത്ത്‌ പി കെ ശശി വളരെ പിന്നിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിച്ച ഡോ. പി സരിന്‌ 59,707 വോട്ട്‌ ലഭിച്ചിരുന്നു. ഇത്തവണ ശശിക്ക്‌ കിട്ടിയത്‌ 48,585 വോട്ട്‌ മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 57,063 വോട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലാകെ 52,851 വോട്ടും നേടിയിരുന്നു. അത്‌ മറികടക്കാൻ യുഡിഎഫിനായില്ല. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി കെ പ്രേംകുമാറിന്റേത്‌– 26,777 വോട്ട്‌. മലമ്പുഴ മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥി എ സുരേഷ്‌ നേടിയത്‌ 42,262 വോട്ടാണ്‌. കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇവിടെ വോട്ട്‌ കുറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 49,295 വോട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ 45,490 വോട്ടും യുഡിഎഫിന്‌ കിട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ രണ്ടാംസ്ഥാനത്തുവന്ന യുഡിഎഫ്‌ ഇത്തവണ വീണ്ടും മൂന്നാംസ്ഥാനത്തേക്ക്‌ പോയി. ഇവിടെ ബിജെപി വോട്ട്‌ മറിച്ചതായും സംശയമുയർന്നിട്ടുണ്ട്‌. ചിറ്റൂരിൽ എൽഡിഎഫ്‌ സ്ഥാനാർഥി വി മുരുകദാസിന്റെ പരാജയത്തിനിടയാക്കിയത്‌ യുഡിഎഫ്‌ നിർത്തിയ അപരനാണ്‌. യുഡിഎഫ്‌ ഭൂരിപക്ഷത്തിനും മുകളിൽ 6,984 വോട്ടാണ്‌ അപരൻ നേടിയത്‌. യുഡിഎഫ്‌ സ്ഥാനാർഥി സുമേഷ്‌ അച്യുതൻ വിജയിച്ചത്‌ 6,510 വോട്ടിനും. പേരിലെയും ചിഹ്നത്തിലെയും സാമ്യം തമിഴ്‌ ഭാഷമാത്രം അറിയുന്ന പ്രദേശങ്ങളിൽ ആശയക്കുഴപ്പത്തിനിടയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home