സ്ഥാനാര്‍ഥിക്കൊപ്പം
നേട്ടങ്ങളിൽ നിറമനസ്സുകൾ

ഷൊർണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി മമ്മിക്കുട്ടിക്ക് കച്ചേരിക്കുന്നിൽ നൽകിയ സ്വീകരണം
സി പി മുഹമ്മദ്‌നൗഫൽ
Published on Mar 29, 2026, 12:00 AM | 1 min read
ചെർപ്പുളശേരി
വഴികളിൽ തിളയ്‌ക്കുന്ന വെയിലിനെ കൂസാതെ ജനസഞ്ചയം. ചരിത്ര ഭൂരിപക്ഷത്തോടെ ഷൊർണൂരിന്റെ പ്രതിനിധിയായി ‘മമ്മിക്കുട്ടിക്ക’യെ ഇക്കുറിയും നിയമസഭയിലേക്കയക്കുമെന്ന നിശ്‌ചയദാർഢ്യമാണ് വരവേൽപ്പുകളിലെങ്ങും. താളമേളങ്ങളുടെ അകമ്പടിയോടെ പുഷ്പഹാരങ്ങളും ഷാളും അണിയിച്ചും പടക്കം പൊട്ടിച്ചും ഉത്സവാവേശം. ‘മമ്മിക്കുട്ടി ജയിക്കും... ജയിക്കണം... ഞങ്ങടെ കണ്ണീരൊപ്പിയ സർക്കാർ വീണ്ടും വരണം’–ഷൊർണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി മമ്മിക്കുട്ടിയെ സ്വീകരിക്കാൻ നിരപ്പറമ്പിൽ എത്തിയ നീലിയമ്മ നെഞ്ചുതൊട്ട് പറഞ്ഞു. പെൻഷൻ തുക കൃത്യമായി കിട്ടുന്ന സന്തോഷം അവർ പ്രിയപ്പെട്ട എംഎൽഎയോട് പങ്കിട്ടു. സ്നേഹവാത്സല്യത്തിനുമുന്നിൽ വിനീതമായി തലകുനിച്ച മമ്മിക്കുട്ടിയോട് നാടാകെ പറയുന്നു ‘ഇത്തവണയും ഒപ്പമുണ്ടാകും ഷൊർണൂർ'. മണ്ഡലത്തിൽ സുപരിചിതനാണ് സ്ഥാനാർഥി. പരിചയപ്പെടുത്തൽ തെല്ലും ആവശ്യമില്ലാത്ത നേതാവ്. വികസനത്തെ നുണപ്രചാരണം കൊണ്ട് മറയ്‌ക്കാനുള്ള യുഡിഎഫ് നീക്കത്തെ വസ്തുതകൾകൊണ്ട് പൊളിച്ചടുക്കി സ്ഥാനാർഥിയുടെ പ്രസംഗം. കരഘോഷത്തോടെ അതേറ്റെടുക്കുന്ന ആൾക്കൂട്ടം. അരീക്കൽപടിയിലായിരുന്നു ശനിയാഴ്ച ആദ്യ സ്വീകരണം. തച്ചങ്ങാട്, തെക്കേ മാവുണ്ടിരി, ചരലിൽ, പട്ടിശേരി, കാട്ടുകുളം, ഏഴുവന്തല, ചെമ്മൻകുഴി, മോസ്കോ, മോളൂർ, പൊമ്പിലായ, റോസ് നഗർ, നെല്ലായ, കല്ലിടുമ്പ്, ഇരുമ്പലശേരി, പ്രശാന്തി നഗർ, ടൗൺ ലക്ഷംവീട്, ശാലേംകുന്ന്, പൂവക്കുണ്ട്, എറിയപ്പറ്റകളം, ഉങ്ങിൻതറ, നിരപ്പറമ്പ്, സ്കൂൾകുന്ന്, കച്ചേരിക്കുന്ന്, വലിയപറമ്പ്, പന്നിയംകുറുശി, ചെന്ത്രത്ത്‌പറമ്പ്, ആലിക്കൽ, ഹെൽത്ത് സെന്റർ, നടുവട്ടം, ആലുംപാറ, വടക്കുമുറി എന്നിവിടങ്ങളിലായിരുന്നു പര്യടനം. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ നന്ദകുമാർ, കെ ബി സുഭാഷ്, ഇ ചന്ദ്രബാബു, കെ ശ്രീധരൻ, സി അബ്ദുൾഖാദർ, എ പ്രഭാവതി, പി വിജയകുമാർ, ഒ കെ മുസ്തഫ, പി കെ സുജിത്, എ മുഹമ്മദ് മുനീർ, കെ കൃഷ്ണൻകുട്ടി, കെ രാഗേഷ്, സി പി സുധാകരൻ, കെ സുരേഷ്, കെ ഭാസ്കരൻ, പി സിന്ധു എന്നിവർ സംസാരിച്ചു.











0 comments