വോട്ടുചൂട് - പട്ടാമ്പി
ഇടതുറച്ച മണ്ണ്


സായൂജ് ചന്ദ്രൻ
Published on Mar 26, 2026, 12:18 AM | 1 min read
പാലക്കാട്
സാംസ്കാരികപ്പെരുമയുടെ ഇൗറ്റില്ലമായ പട്ടാമ്പിയിൽ ഇത്തവണയും തെരഞ്ഞെടുപ്പ് കാറ്റ് ഇടത്തോട്ട്. മൂന്നാമൂഴത്തിന് ഇറങ്ങിയ മുഹമ്മദ് മുഹസിനാണ് എൽഡിഎഫിന്റെ കരുത്തും കാതലും. ഇടതുപക്ഷത്തെയും ഇ എം എസിനെയും നെഞ്ചേറ്റിയ വോട്ടർമാരുടെ കരുതൽ കാവലാകുമെന്ന് ഉറപ്പ്. യുഡിഎഫ് ഭരണത്തിൽ വികസനം മുരടിച്ച മണ്ഡലത്തിൽ 2016 ലെ തെരഞ്ഞെടുപ്പ് മാറ്റത്തിലേക്ക് വാതിൽ തുറന്നു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ പയറ്റിത്തെളിഞ്ഞ മുഹമ്മദ് മുഹസിനെ നാട് ചേർത്തുപിടിച്ചു. 7,404 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫിന്റെ വിജയം. 2021ലെ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. ഭൂരിപക്ഷം 17,974 ആയി ഉയർത്തി. മൂന്നാം അങ്കത്തിന് കച്ചമുറുക്കുമ്പോൾ ഇരട്ടി ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ജില്ലയിൽ ഏറ്റവും അധികം വോട്ടർമാരുള്ള മണ്ഡലമാണ് പട്ടാമ്പി– 2,10,000 പേർ. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15,142 വോട്ടർമാർ കൂടുതൽ. വോട്ട് ഉയർന്നതോടെ ഭൂരിപക്ഷം ഇനിയും വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കൂടാതെ കഴിഞ്ഞ 10 വർഷത്തെ വികസനങ്ങളും മുതൽക്കൂട്ടാകും. 1500 കോടിയുടെ വികസനം നടപ്പാക്കി. സമഗ്ര കുടിവെള്ള പദ്ധതിക്ക് മാത്രം 250 കോടി ചെലവിട്ടു. നടുവട്ടം ഗവ. ജനത എച്ച്‌എസ്‌എസ്, പട്ടാമ്പി ശ്രീനീലകണ്‌ഠ ഗവ. സംസ്‌കൃത കോളേജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവുറ്റതാക്കി. പാലങ്ങളും റോഡുകളും മനോഹരമാക്കി. പട്ടാമ്പി പാലം നിർമാണം പുരോഗമിക്കുന്നു. 32.49 കോടിയിൽ വാടാനാംകുറുശി മേൽപ്പാലം പ്രവൃത്തിയും ദൃുതഗതിയിലാണ്. അതേസമയം, യുഡിഎഫ് പാളയത്തിൽ ടി പി ഷാജിയുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള അസ്വസ്ഥത അവസാനിച്ചിട്ടില്ല. കഴിഞ്ഞതവണ പരാജയപ്പെട്ട റിയാസ് മുക്കോളിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം മറികടന്നാണ് ഷാജിയെ തീരുമാനിച്ചത്. തർക്കം അവസാനിച്ചെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഉള്ളിൽ പുകയൽ തുടരുകയാണ്. 2016ൽ മുഹമ്മദ് മുഹസിനോട് മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട പി മനോജാണ് എൻഡിഎ സ്ഥാനാർഥി. വർഗീയ വിഷവിത്തുകൾ മണ്ഡലത്തിൽ ഒരിക്കലും മുളപ്പിക്കില്ലെന്ന് ഒരിക്കൽകൂടി തെളിയിക്കുമെന്ന് വോട്ടർമാർ പറയുന്നു.










0 comments