വോട്ടുചൂട് - ഒറ്റപ്പാലം മണ്ഡലം
കുലുങ്ങില്ല, ചുവപ്പ് കോട്ട


സായൂജ് ചന്ദ്രൻ
Published on Mar 29, 2026, 12:00 AM | 1 min read
പാലക്കാട്
ചരിത്രത്താളുകളിൽ സവിശേഷതയേറെയുള്ള കലാ– സാംസ്‌കാരിക ഭൂമിക. വള്ളുവനാടിന്റെ കാർഷികത്തനിമ ആവോളമുള്ള മണ്ണ്. 1957ലാണ് മണ്ഡലം രൂപീകരിക്കുന്നത്. അതിനുശേഷം ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കരുത്തുകാട്ടി. ശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളിൽ 11 തവണയും എൽഡിഎഫിന് മിന്നുംജയം. 1977ലും 1987ലുമാണ് യുഡിഎഫിന് വിജയമുണ്ടായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് പഞ്ചായത്തുകളിൽ അഞ്ചും ഹൃദയഭാഗമായ ഒറ്റപ്പാലം നഗരസഭയും എൽഡിഎഫിനൊപ്പം. ഇടതുപാരമ്പര്യത്തെ നെഞ്ചോടുചേർത്ത ജനത ഇക്കുറിയും ചുവപ്പ് കോട്ടയ്‌ക്കുകീഴിൽ ഒറ്റക്കെട്ടാകുമെന്ന് ഉറപ്പ്. നിലവിലെ എംഎൽഎയും നാടിന് പ്രിയപ്പെട്ടവനുമായ കെ പ്രേംകുമാറാണ് എൽഡിഎഫിന്റെ തേരാളി. ഒറ്റവിളിയിൽ ഓടിയെത്തുന്ന ജനകീയൻ. സമരസംഘടനാ രംഗത്തെയും അഭിഭാഷകനെന്ന നിലയിലുമുള്ള പ്രവർത്തനങ്ങളും ജനങ്ങളെ എൽഡിഎഫ് സ്ഥാനാർഥിയോട് കൂടുതൽ അടുപ്പിക്കുന്നു. 2016ൽ വിജയിച്ച പി ഉണ്ണിയുടെയും അതിനുശേഷം കെ പ്രേംകുമാറിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷം നടന്ന വികസനങ്ങൾ എടുത്തുപറയണം. കടമ്പൂർ ജിഎച്ച്‌എസ്‌എസ്, മുന്നൂർക്കോട് ജിഎച്ച്‌എസ്‌എസ്, ശ്രീകൃഷ്ണപുരം എൻജിനിയറിങ് കോളേജ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പാലങ്ങൾ, പാതകൾ എന്നിങ്ങനെ 1000 കോടിക്കുമുകളിലാണ് പദ്ധതികൾ. 2021ലെ തെരഞ്ഞെടുപ്പിൽ 15,152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. അന്ന് 2,07,723 വോട്ടർമാർ. ഇത്തവണ പുതുക്കിയ പട്ടിക പുറത്തുവരുമ്പോൾ 2,09,627 വോട്ടർമാർ. അധികമുള്ള വോട്ടുകളും വിലപ്പെട്ടതാക്കി കൂടെച്ചേർക്കുകയാണ് എൽഡിഎഫ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കളംമാറിയ പി കെ ശശിയാണ് കോൺഗ്രസ് പാളയത്തിൽ സ്ഥാനാർഥി. കോൺഗ്രസ് നേതൃത്വത്തിന്റെ കൈപിടിച്ച് പ്രചാരണരംഗത്ത് ഉണ്ടെങ്കിലും പ്രാദേശിക യുഡിഎഫ് പ്രവർത്തകർ ശശിയുടെ സ്ഥാനാർഥിത്വം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. സംവിധായകൻ മേജർ രവിയാണ് എൻഡിഎ സ്ഥാനാർഥി.










0 comments