ad
Deshabhimani

ഇ– ഹെൽത്ത്​ 57 സർക്കാർ ആശുപത്രികളിൽ

കാത്തിരിക്കേണ്ട 
ഡോക്​ടറെ കാണാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 05, 2025, 01:00 AM | 2 min read

പാലക്കാട്​

ആശുപത്രികളിലെ തിരക്ക്​ ഒഴിവാക്കാനും രോഗികൾക്ക്​ ഡോക്ടറെ കാണാൻ അവസരമൊരുക്കാനും സംസ്ഥാന സർക്കാർ ആവിഷ്​കരിച്ച ഇ –ഹെൽത്ത്​ പദ്ധതിയിൽ മുന്നേറി ജില്ല. ജില്ലയിലെ 57 സർക്കാർ ആതുരാലയങ്ങളിൽ​ പദ്ധതി നിലവിൽവന്നു. പാലക്കാട്​ ഗവ. മെഡിക്കൽ കോളേജ്​, ജില്ലാ ആശുപത്രി, ജില്ലാ വനിതാ–ശിശു ആശുപത്രി, അട്ടപ്പാടി ട്രൈബൽ താലൂക്ക്​ സ്​പെഷ്യൽ ആശുപത്രി, നാല്​ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 41 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, രണ്ട്​ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, ആറ്​ താലൂക്ക്​ ആശുപത്രി എന്നിവിടങ്ങളിലാണ്​ ഇ –ഹെൽത്ത്​ സംവിധാനം നിലവിൽവന്നത്​. മുണ്ടൂർ, അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇ‍ൗ മാസത്തോടെ പദ്ധതി യാഥാർഥ്യമാകും. ആശുപത്രികളിൽ ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കുകയാണ്​ ഇ– ഹെൽത്തിന്റെ ലക്ഷ്യം. ഇതിലൂടെ ഒപിയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയും. ഡോക്ടറുടെ സേവനവും മരുന്നുവാങ്ങലും ഉൾപ്പെടെ ചികിത്സാസംബന്ധമായ എല്ലാം ഓൺലൈനിലൂടെ സമയബന്ധിതമാകും. യുഎച്ച്ഐഡി കാര്‍ഡിലൂടെ ചികിത്സ ഡിജിറ്റലൈസ് ചെയ്യുന്നതിനാല്‍ പ്രൈമറിതലംമുതല്‍ മെഡിക്കല്‍ കോളേജുവരെയുള്ള ചികിത്സ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഒരു ആശുപത്രിയിൽനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമ്പോൾ മുൻകൂർ ടോക്കൺ ലഭ്യമാക്കാനും കഴിയും.

അപ്പോയ്​മെന്റെടുക്കാം

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ്​-വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം ന്യൂ അപ്പോയ്​-മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാം. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാം. ടോക്കൺ വിവരങ്ങൾ എസ്എംഎസ് ആയും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽവഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭിക്കും.


യൂണിക് ഹെൽത്ത് ഐഡി

ഇ -–ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കാൻ ആദ്യമായി തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽവഴി ഡൗൺലോഡ് ചെയ്യാം. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്-വേഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ്​-വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്​മെന്റ് എടുക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home