ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം; ഇന്ന് പതാക ഉയരും

പാലക്കാട്
ആലത്തൂരിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്‌ച പതാക ഉയരും. പൊതുസമ്മേളന നഗരിയായ വി എസ് അച്യുതാനന്ദൻ നഗറിൽ (ആലത്തൂർ ദേശീയ മൈതാനം) വൈകിട്ട് ആറിന് സംഘാടകസമിതി ചെയർമാൻ വി പൊന്നുക്കുട്ടൻ പതാക ഉയർത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതാക– കൊടിമര– ദീപശിഖാ ജാഥകൾ സംഗമിച്ചശേഷമായിരിക്കും ശുഭ്രപതാക ഉയർത്തുക. വ്യാഴം രാവിലെ 10ന് മുണ്ടൂർ കെ സി ബാലകൃഷ്ണൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊടിമര ജാഥ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി കെ ഷിബി കൃഷ്ണ ക്യാപ്റ്റനാകും. രാവിലെ ഒമ്പതിന് ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവ് വിനീഷ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പതാക ജാഥ കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ് ക്യാപ്റ്റനാകും. പകൽ 2.30ന് കിഴക്കഞ്ചേരി കുണ്ടുകാട് എം കെ അപ്പുക്കുട്ടൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖാ ജാഥ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് ഷക്കീർ ക്യാപ്റ്റനാകും. പുഷ്പൻ നഗറിൽ (തരൂർ പാറക്കൽപ്പറമ്പ് പിപിഎം ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം വെള്ളി രാവിലെ പത്തിന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 4.4 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 298 പ്രതിനിധികൾ പങ്കെടുക്കും. ശനി വൈകിട്ട് ആലത്തൂരിൽ യുവജന റാലിനടക്കും. പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി പൊന്നുക്കുട്ടൻ, ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ, പ്രസിഡന്റ് ആർ ജയദേവൻ, ട്രഷറർ എം രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗം പി കെ ഷിബി കൃഷ്ണ, ആലത്തൂർ ബ്ലോക്ക് സെക്രട്ടറി ജി അലേഷ്യസ് എന്നിവർ പറഞ്ഞു.









0 comments