അതിർത്തി വഴി ലഹരി ഒഴുകുന്നു; പിടിക്കപ്പെടുന്നത് പത്തിലൊന്നുമാത്രം

നിധിൻ ഇൗപ്പൻ
Published on Jun 28, 2026, 12:54 AM | 1 min read
പാലക്കാട്
വാളയാർ വഴി ജില്ലയിലേക്ക് ഒഴുകുന്ന ലഹരിവസ്‌തുക്കളിൽ പിടിക്കപ്പെടുന്നത് പത്തിലൊന്നുമാത്രം. രണ്ടുതരം ലഹരിയാണ് പ്രധാനമായും ജില്ലയിലേക്ക് എത്തുന്നത്. രാസലഹരിമരുന്നുകളും പരമ്പരാഗത ലഹരിമരുന്നുകളും. എംഡിഎംഎ ‘എക്സ്റ്റസി' ലഹരിമരുന്ന്, ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ (ലൈസെർജിക് ആസിഡ് ഡീതൈലമൈഡ്) എന്നിവ രാസലഹരിയിൽ ഉൾപ്പെടുന്നത്. കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹെറോയിൻ, ബ്രൗൺ ഷുഗർ എന്നിവയാണ് പരമ്പരാഗത ലഹരിമരുന്നുകൾ. എംഡിഎംഎ, ക്രിസ്റ്റൽ മെത്താംഫെറ്റമിൻ എന്നിവ ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്നാണ് എത്തുന്നത്. ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹെറോയിൻ, ബ്രൗൺ ഷുഗർ എന്നിവ എത്തുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും എൻക്രിപ്റ്റഡ് ചാറ്റുകളും വഴിയാണ് ലഹരിവിപണനുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തുന്നത്. ഇൻഫോർമർമാരിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് പൊലീസിന്റെ ആശ്രയം. എന്നാൽ, ഒറ്റ് ഉണ്ടാകുമെന്ന് മനസ്സിലാക്കി അതിർത്തിക്ക് തൊട്ടുമുന്പ് കാൽനടയായോ തദ്ദേശീയരായ ആളുകളുടെ ഇരുചക്രവാഹനങ്ങളിലോ അതിർത്തി കടത്തിയശേഷം മറ്റ് വാഹനങ്ങളിലേക്ക് മാറ്റുന്നുമുണ്ട്. പരിശോധന ഒഴിവാക്കാൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമീണ റോഡുകളും തോട്ടങ്ങളിലൂടെയുള്ള ഊടുവഴികളും ഉപയോഗിക്കുന്നുണ്ട്. അതിർത്തി ചെക്ക്പോസ്റ്റുകളിൽ ആവശ്യത്തിന് ആധുനിക സ്കാനിങ് സംവിധാനങ്ങളില്ലാത്തതും വെല്ലുവിളിയാണ്. ലഹരി കണ്ടെത്താൻ സഹായിക്കുന്ന എക്സൈസ് സ്ക്വാഡിലെ ഡോഗ് സ്ക്വാഡിനുപോലും രാസലഹരിയുടെ നേർത്ത സാന്നിധ്യം തിരിച്ചറിയാൻ പ്രത്യേക പരിശീലനം ആവശ്യമാണ്. ഇത്തരത്തിൽ അതിർത്തി കടക്കുന്ന ലഹരി വസ്തുക്കളിൽ പത്ത് ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നത്.











0 comments