ad
Deshabhimani

കെ ശാന്തകുമാരി എംഎൽഎയ്‌ക്കും വെർച്വൽ അറസ്റ്റ്

cyber crime
വെബ് ഡെസ്ക്

Published on Mar 07, 2026, 01:49 AM | 1 min read

കോങ്ങാട്

വെർച്വൽ അറസ്‌റ്റിലൂടെ കെ ശാന്തകുമാരി എംഎൽഎയെ തട്ടിപ്പിനിരയാക്കാൻ ശ്രമം. വെള്ളി രാവിലെ പത്തോടെയാണ്‌ എംഎൽഎയ്‌ക്ക്‌ മുംബൈയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെന്ന വ്യാജേനെ കോൾ വന്നത്‌. പഹൽഗാം ഭീകരാക്രമണകേസിലെ പ്രതികളിൽ ഒരാൾ ഉപയോഗിച്ചത്‌ നിങ്ങളുടെ പേരിലുള്ള സിം ആണെന്ന്‌ പറഞ്ഞായിരുന്നു തട്ടിപ്പ്‌ ശ്രമം. കേരളത്തിലെ എംഎൽഎയാണെന്നും അതിനൊരു സാധ്യതയില്ലെന്നും പറഞ്ഞപ്പോൾ കേസ് നമ്പർ പറഞ്ഞശേഷം, തിരുവനന്തപുരം സൈബർസെല്ലിലേക്ക് കണക്ട് ചെയ്യാമെന്നും തട്ടിപ്പുകാർ അറിയിച്ചു. തുടർന്ന്‌ സൈബർസെൽ എസ്ഐ സുരേഷ്‌കുമാർ ആണെന്നും താങ്കളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നേരിട്ട് വരണമെന്നും സംഘത്തിലൊരാൾ അറിയിച്ചു. നേരിട്ട് വരാൻ സാധ്യമല്ലെന്ന് പറഞ്ഞ എംഎൽഎയോട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‌ നോൺ ഇൻവോൾവ്‌മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നായിരുന്നു ഭീഷണി. വാട്സ്ആപ്പിൽ വീഡിയോ കോളിലൂടെ ആധാർ അടക്കമുള്ള വിവരങ്ങൾ ചോദിച്ചു. ഇ‍ൗ സമയം എംഎൽഎയുടെ ഭർത്താവും മകനുമെത്തി. ഇതിനിടെ ഡ്രൈവർ കുഴൽമന്ദം പൊലീസിന്‌ വിവരം കൈമാറി. നിങ്ങളുടെ പേരിൽ വേറെ എന്തെങ്കിലും കേസുണ്ടോ എന്ന് പരിശോധിക്കണമെന്നും വാറന്റ്‌ അയച്ചിട്ടുണ്ടെന്നും പറഞ്ഞതോടെ എംഎൽഎ കോൾ കട്ട് ചെയ്തു. അപ്പോഴേക്കും കുഴൽമന്ദം പൊലീസും സ്ഥലത്തെത്തി. എംഎൽഎ സൈബർ സെല്ലിലും പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home