ad
Deshabhimani

ലവ്‌ലി സർവകലാശാലയിലെ അതിക്രമം; മലയാളി വിദ്യാർഥികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Sep 28, 2026, 12:41 PM | 1 min read

തിരുവനന്തപുരം : പഞ്ചാബിലെ ലവ്‌ലി സർവകലാശാലയിൽ വിദ്യാർഥികൾക്കുനേരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌. പഞ്ചാബ്‌ ഫഗ്വാരയിലെ ലവ്‌ലി പ്രൊഫഷണല്‍ സർവകലാശാല ക്യാമ്പസില്‍ പുറത്തുനിന്നുമുള്ള ക്രിമിനലുകള്‍ തുടര്‍ച്ചയായി നടത്തിയ അക്രമങ്ങളുടെ ഫലമായി മലയാളികള്‍ അടക്കമുള്ള വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലും ഉത്‌കണ്‌ഠയിലുമാണെന്ന് സിപിഐ എം പറഞ്ഞു.


ആയിരത്തിലേറെ മലയാളി വിദ്യാർഥികള്‍ പഠിക്കുന്ന ക്യാമ്പസാണ് ലവ്‌ലി. ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ഒരു ഓട്ടോണമസ്‌ സര്‍വ്വകലാശാലയാണിത്. ഹോസ്‌റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാർഥിനിയെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇലക്ട്രീഷ്യന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ്‌ പുറത്തുവന്ന വാർത്ത. കുറ്റക്കാരുടെ പേരില്‍ പൊലീസോ മാനേജ്‌മെന്റോ യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടുതന്നെ വിദ്യാർഥികള്‍ ശക്തമായ പ്രതിഷേധ സമരം ആരംഭിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരെ മാനേജ്‌മെന്റിന്റെ സില്‍ബന്തികളായ ക്രിമിനലുകള്‍ ആക്രമിക്കാന്‍ തുടങ്ങി. ക്യാമ്പസ്‌ അടച്ചിട്ടു. ഹോസ്റ്റലില്‍ നിന്നും വിദ്യാർഥിനികളെയടക്കം പുറത്താക്കിത്തുടങ്ങി. ക്യാമ്പസിലാകെ അരക്ഷിതാവസ്ഥയാണ്‌. ഭയം മൂലം പലരും ക്യാമ്പസ്‌ വിട്ടു പോവുകയാണ്‌. മലയാളികളായ വിദ്യാർഥികള്‍ സഹായത്തിനായി അഭ്യർഥിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്‌.


മലയാളികളടക്കമുള്ള വിദ്യാർഥികളെ സംരക്ഷിക്കാനും അവര്‍ക്ക്‌ ഭയരഹിതമായി തുടര്‍പഠനത്തിനുള്ള സൗകര്യം ഒരുക്കാനും കുറ്റക്കാരായ ക്രിമിനലുകളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home