പാചക വാതക ക്ഷാമം; പെടാപ്പാടിൽ ഓൺലൈൻ ഡെലിവറി

ഓൺലൈൻ ഡെലിവറി തൊഴിലാളി നഗരത്തിൽ ജോലിക്കിടെ
വി കെ രഘുപ്രസാദ്
Published on Apr 17, 2026, 12:50 AM | 1 min read
പാലക്കാട്
പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകൾ ഭക്ഷണം തയ്യാറാക്കാൻ സമയമെടുക്കുന്നതും പ്രവർത്തനസമയം ചുരുക്കിയതും ഓൺലൈൻ ഡെലിവറി ചെയ്യുന്ന ഗിഗ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. സമയത്തിന് ഭക്ഷണം എത്തിക്കാൻ കഴിയാത്തതും വിഭവങ്ങൾ ചുരുങ്ങിയതും ഉപഭോക്താക്കളുടെ പഴികേൾക്കാനും ഇടയാക്കുന്നു. വീടുകളിലും പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഓൺലൈൻ ഭക്ഷണ വിതരണത്തെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഹോട്ടലുകൾ അടുപ്പുകളുടെ എണ്ണം കുറച്ചതാണ് ഭക്ഷണം തയ്യാറാക്കാൻ വൈകാൻ കാരണം. ക്ഷാമത്തിനുമുമ്പ് അഞ്ച്, പത്ത് മിനിറ്റിനകം രണ്ടോ മുന്നോ ഓർഡറുകൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് 15 വരെയാണ്. ഹോട്ടലുകളിൽ നേരിട്ട് എത്തുന്നവരുടെ എണ്ണം വർധിച്ചതും പാചകം വൈകിക്കുന്നു. നേരത്തേ അഞ്ചോ പത്തോ മിനിറ്റിനകം ഓൺലൈനായി ഓർഡർ ചെയ്‌ത ഭക്ഷണം ഹോട്ടലുകളിൽനിന്ന് തയ്യാറാക്കി നൽകുമായിരുന്നു. എന്നാൽ പാചകവാതക ക്ഷാമം തുടങ്ങിയതോടെ ഭക്ഷണം തയ്യാറാക്കാൻ അരമണിക്കൂർവരെ വൈകുന്നതായി വിതരണക്കാർ പറയുന്നു. സമയത്ത് ഭക്ഷണം ലഭിക്കാത്തതിനാൽ ഉപഭോക്താക്കളുടെ രോഷം വിതരണക്കാരനുനേരെയാകും. ഹോട്ടലുകൾ മെനു വെട്ടിക്കുറച്ചതും ഇവർക്ക് വിനയായി. ഓർഡറുകൾ കൂടിയതോടെ ഇവരുടെ ജോലി ഭാരവും വർധിപ്പിക്കുന്നു. വിവിധ വിതരണ കമ്പനികളിലായി പാലക്കാട് ടൗണിൽ മാത്രം മുന്നൂറിലധികം പേർ ഭക്ഷണ വിതരണ മേഖലയിൽ ജോലിചെയ്യുന്നുണ്ട്. ജില്ലയിൽ ആയിരത്തിലേറെപ്പേർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. തീപാറുന്ന വെയിലത്താണ് ജോലി. രണ്ട് കിലോമീറ്ററിൽ വിതരണം ചെയ്‌താൽ 25 രൂപയും ഒമ്പത് കിലോമീറ്റർ ദൂരത്താണെങ്കിൽ 75 രൂപയുമാണ് ഇവർക്ക് കമ്പനികൾ നൽകുക. ഒമ്പതിന് മുകളിൽ കിലോമീറ്റർ യാത്ര ചെയ്‌താൽ മടക്കത്തിന് ഏഴ് രൂപയും അനുവദിക്കും.











0 comments