തെരഞ്ഞെടുപ്പിലും പാചകവാതക പ്രതിസന്ധി
ചെലവും കൂടി വിലയും

പാലക്കാട്
‘ചായയ്‌ക്കൊപ്പം ചൂടുള്ള ചർച്ച’. നാട്ടിലെ ചായക്കടകളിലെ സ്ഥിരം തെരഞ്ഞെടുപ്പ് കാഴ്‌ചകളൊക്കെ ഇക്കുറി മങ്ങി. പാചകവാതക പ്രതിസന്ധിയിൽ പൂട്ടിയ കടകളൊന്നും ഇനിയും തുറന്നിട്ടില്ല. ഗ്യാസ് കിട്ടാതായതോടെ പല ഹോട്ടലുകളും വിറക് അടുപ്പുകളിലേക്കും ഇൻഡക്ഷൻ കുക്കറുകളിലേക്കും മാറിയിട്ടുണ്ടെങ്കിലും പരിഹാരമായില്ല. ചെലവു കൂടിയതോടെ പല കടകളും ഭക്ഷണസാധനങ്ങളുടെ വില താൽക്കാലികമായി കൂട്ടി. കേന്ദ്രം വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടിയതിനുപുറമേ ഇരുട്ടടിയായാണ് പാചകവാതക പ്രതിസന്ധിയും ഹോട്ടലുകാരെ ബാധിച്ചത്. തെരഞ്ഞെടുപ്പ് ആവേശവും പെരുന്നാൾ വിപണിയും കൊഴുക്കേണ്ട സമയത്ത് അടുപ്പുകളിൽ തീകെട്ടത് വ്യാപാരികളെയും സാധാരണക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. വാണിജ്യ സിലിണ്ടറുകളുടെ ഔദ്യോഗിക വില കുതിച്ചുയരുന്നതിനിടെ, കരിഞ്ചന്തയിൽ സിലിണ്ടറിന് ഇരട്ടിയിലധികം വില ഈടാക്കുന്നതായി പരാതിയുണ്ട്. വാണിജ്യ സിലിണ്ടറുകൾക്ക് പുറത്ത് 3,000 വരെയാണ് ഈടാക്കുന്നത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതും കരിഞ്ചന്തയിൽ വിൽക്കുന്നതും തടയാൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീം പരിശോധന നടത്തുന്നുണ്ട്. ചൂടാവല്ലേ കടകളിൽ ചൂടുകടികൾ കിട്ടാതായത് കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. സമൂഹ അടുക്കളകളിലും വിറകടുപ്പുകളിലും ഉണ്ടാക്കിയശേഷം കടകളിലെത്തിച്ചാണ് ഇപ്പോൾ പലരും കച്ചവടം നടത്തുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് കാലങ്ങളിൽ പര്യടനം കഴിഞ്ഞ് സ്ഥാനാർഥികളും അണികളുമായി ചായക്കടകളിലെത്തി നടത്തുന്ന അവലോകനങ്ങളും നന്നേകുറഞ്ഞു. ഫ്ലാസ്‌ക്കിൽ നേരത്തെയുണ്ടാക്കി വയ്‌ക്കുന്ന ചായയ്‌ക്കും ചൂടുപോരാ. മാറാത്തത് മാറി; മണ്ണെണ്ണ സ്റ്റൗവ് തിരിച്ചെത്തി ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യംപോലെ മാറാത്ത ചിലതൊക്കെ ഇക്കുറി മാറിയിട്ടുണ്ട്. മണ്ണെണ്ണ സ്റ്റൗവിന്റെ തിരിച്ചുവരവാണ് അതിലൊന്ന്. പ്രതിസന്ധി രൂക്ഷമായതോടെ കച്ചവടം പിടിച്ചുനിർത്തനാണ് പലരും പഴയ രീതിയിലേക്ക് മടങ്ങിയത്. പല ഭക്ഷണസാധനങ്ങളുടെയും വിലയും കൂടിയിട്ടുണ്ട്. പാലക്കാട് നഗരത്തിലെ പ്രധാന ഹോട്ടലിൽ 10 രൂപയായിരുന്ന ഉഴുന്നുവടയുടെ നിലവിലെ വില 16 രൂപയാണ്.










0 comments