ad
Deshabhimani

പാചകവാതക ക്ഷാമം

പ്രതിസന്ധി പുകയുന്നു

പാചക വാതക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ അങ്കണവാടി വർക്കേഴ്സ്‌ ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധം

പാചക വാതക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ അങ്കണവാടി വർക്കേഴ്സ്‌ ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധം

avatar
സ്വന്തം ലേഖിക

Published on Mar 15, 2026, 01:33 AM | 2 min read

പാലക്കാട്‌

അടുക്കളയിൽനിന്ന്‌ രാവിലത്തെ സ്ഥിരം ചൂളംവിളികൾ കുറഞ്ഞു. ജില്ലയിലെ ഭക്ഷണശാലകളിൽ ഏറെയും അടച്ചുപൂട്ടൽ ഭീഷണിയിലാണ്‌. ഹോസ്റ്റലുകളിലും സ്ഥാപനങ്ങളിലും ആശുപത്രി കാന്റീനുകളിലുമുൾപ്പെടെ പ്രതിസന്ധി രൂക്ഷം. ദോശ, ചായ, അപ്പം തുടങ്ങി ഗ്യാസ്‌ ഉപയോഗം ഏറെ വരുന്ന ഭക്ഷണ സാധനങ്ങൾ മെനുവിൽനിന്ന്‌ ഒഴിവാക്കി ഉ‍ൗണും ബിരിയാണിയുമായി ചുരുക്കി. വരുംദിവസങ്ങളിലെ സ്ഥിതി പറയാനാകില്ലെന്ന്‌ ഹോട്ടലുകാർ മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌. മുൻകൂട്ടി പാചകം ചെയ്ത ഭക്ഷണമെത്തിച്ച്‌ നിലവിലെ പ്രതിസന്ധി ഒഴിവാക്കാനും ആലോചനയുണ്ട്‌. ചില സ്ഥാപനങ്ങൾ വിറകടുപ്പ്‌ കൂട്ടി പിടിച്ചുനിൽക്കാൻ നോക്കുന്നുണ്ടെങ്കിലും വിലയിൽ തട്ടിവീഴുകയാണ്‌. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിറകിന്റെ വില ടണ്ണിന് 1000 രൂപ മുതൽ 1500 രൂപ വരെയാണ് കൂടിയത്‌. മുകളിലത്തെ നിലകളിലും മറ്റും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഫ്ലാറ്റുകളിലുള്ളവരും അതിനും കഴിയാത്ത സ്ഥിതിയിലാണ്‌. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾ ലഭ്യമാണെന്ന്‌ കേന്ദ്രം പറയുമ്പോഴും പലയിടത്തും ആളുകൾ ബുക്ക്‌ ചെയ്ത്‌ കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ ദിവസങ്ങളായി. ഹോം ഡെലിവറി നടക്കുന്നില്ലെന്ന്‌ കണ്ട്‌ ഏജൻസികളിലെത്തുന്നവർ കാണുന്നത്‌ നീണ്ട ക്യൂ മാത്രമാണ്‌.


വിറകുവയ്ക്കാൻ 
അടുപ്പുവേണ്ടേ

ഗ്രാമീണ മേഖലകളിൽ ഗ്യാസ്‌ ബുക്ക്‌ ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയാണ്‌ കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്‌. എന്നാൽ, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്ഥിതിയല്ല കേരളത്തിൽ. ഗ്രാമങ്ങളിലും ഫ്ലാറ്റുകൾ ധാരാളമാണ്‌. ഇവിടങ്ങളിൽ വിറകടുപ്പ്‌ ഉപയോഗിക്കാൻ സംവിധാനമില്ല. ഇത്രയും ഇടവേളയിൽ ഗ്യാസില്ലാതെ എങ്ങനെ അടുക്കള പുകയ്ക്കുമെന്നാണ്‌ നാട്ടുകാരുടെ ആശങ്ക.


ചായക്കോപ്പയിലെ യുദ്ധം

ദിവസം നാലും അഞ്ചും ചായ കുടിക്കുന്നവരൊക്കെ, ഇഷ്ടപ്പെട്ട ‘ടീ സ്പോട്ട്‌’ അടച്ച സങ്കടം വാട്‌സാപ്‌ സ്റ്റോറിയിൽ കടിച്ചമർത്തുകയാണ്‌. നഗരത്തിൽ കോഫീ ഹ‍ൗസ്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ചായ, കോഫി എന്നിവ മുൻകൂട്ടി തയ്യാറാക്കി ഫ്ലാസ്കുകളിൽ എത്തിക്കുകയാണ്‌. ചിലയിടങ്ങളിൽ ചായ പൂർണമായും ഒഴിവാക്കി. ചായ തിളപ്പിക്കുന്നതിന്‌ മുഴുവൻ സമയം ഗ്യാസ്‌ ആവശ്യമായതിനാലാണ്‌ കടുത്ത തീരുമാനം. പാതയോരങ്ങളിലെ പെട്ടിക്കടകളൊക്കെ നിവൃത്തിയില്ലാതെ പൂട്ടി. വാണിജ്യാവശ്യത്തിനുള്ള മിനി സിലിണ്ടറുകളാണ്‌ പെട്ടിക്കടകളിലധികവും ഉപയോഗിക്കുന്നത്‌. ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുന്ന കടകളിൽ മാത്രമാണ്‌ ഇപ്പോൾ ചായ മുടങ്ങാത്തത്‌.


മീനത്തിൽ താലികെട്ടുമോ​

ഞായറാഴ്‌ച മീനം പിറക്കുന്നതോടെ വിവാഹങ്ങളുടെ സീസൺ തുടങ്ങും. ആയിരക്കണക്കിന്‌ വരുന്ന വിരുന്നുകാർക്ക്‌ പാചകവാതക പ്രതിസന്ധിയിൽ എങ്ങനെ വിരുന്നൊരുക്കുമെന്ന ആശങ്കയിലാണ്‌ വീട്ടുകാർ. ബുക്ക്‌ ചെയ്ത മണ്ഡപങ്ങളിൽ വിറക്‌ അടുപ്പ്‌ ഉപയോഗിക്കാൻ അനുമതിയില്ല. കാറ്ററിങ്‌ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും വാണിജ്യ സിലിണ്ടറുകൾ കിട്ടാതായതോടെ അവരും ആശങ്കയിലാണ്‌.


പ്രതിഷേധവുമായി അങ്കണവാടി ജീവനക്കാർ

പാലക്കാട്

പാചക വാതക വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കാത്തതിൽ അങ്കണവാടി ജീവനക്കാർ പ്രതിഷേധിച്ചു. പാചകവാതക ക്ഷാമം പരിഹരിക്കുക, അങ്കണവാടികളിൽ സമയബന്ധിതമായി ഗ്യാസ് സിലിണ്ടർ ലഭ്യമാക്കുക, കുരുന്നുകളുടെ അന്നം മുട്ടുമ്പോഴും കേന്ദ്ര സർക്കാർ തുടരുന്ന മ‍ൗനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിന്‌ മുന്നിൽനിന്നാരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സമാപിച്ചു. ധർണ യൂണിയൻ ജില്ലാ സെക്രട്ടറി വി സരള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ തങ്കമണി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം സി അംബിക, ജില്ലാ ട്രഷറർ കെ ഓമന എന്നിവർ സംസാരിച്ചു.


കോഫി ഹ‍ൗസും 
സമൂഹ അടുക്കളയിലേക്ക്‌

പാലക്കാട്

പാചക വാതക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് നഗരത്തിലെ മൂന്ന് ഇന്ത്യൻ കോഫി ഹ‍ൗസിലേക്കും ഞായറാഴ്‌ച മുതൽ പാചകം ഒരിടത്തുനിന്നാക്കും. സുൽത്താൻപേട്ട ചെട്ടിത്തെരുവിൽ കെട്ടിടം വാടകയ്‌ക്കെടുത്താണ് സമൂഹ അടുക്കള തുടങ്ങുന്നത്‌. ഇവിടെ വിറക്‌ അടുപ്പുകളും ചെമ്പുകളും സജ്ജീകരിച്ചു. ആവശ്യമായ വിറകിന്റെ ലഭ്യതയും ഉറപ്പാക്കി. ഇവിടെ ഒരുമിച്ച്‌ പാചകം ചെയ്ത്‌ വിഭവങ്ങൾ സുൽത്താൻപേട്ടയിലും എസ്ബിഐ ജങ്ഷനിലും ശകുന്തള ജങ്ഷനിലുമുള്ള ഔട്ട്‌ലെറ്റുകളിലേക്ക്‌ എത്തിക്കും. ഊണും കറികളും ബിരിയാണിയും മാത്രമാണ് ഇവിടെ പാചകം ചെയ്യുക. എല്ലാ ഔട്ട്‌ലെറ്റുകളിലും വെവ്വേറെ അടുക്കളയുണ്ടെങ്കിലും ഇവിടങ്ങളിൽ പാചകം ചെയ്യാനാവശ്യമായ ഗ്യാസ് ലഭിക്കുന്നില്ല. തുടർന്നാണ്‌ സമൂഹ അടുക്കളയാരംഭിക്കാൻ തീരുമാനിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home