ജനകീയ ഹോട്ടലിൽ പാചകവാതക ക്ഷാമം: പാചകം വിറകടുപ്പിലേക്ക്

വാണിയംകുളം പഞ്ചായത്ത് ജനകീയ ഹോട്ടലിൽ അടുപ്പിൽ ഭക്ഷണം തയ്യാറാക്കുന്നു
ഒറ്റപ്പാലം
ജനകീയ ഹോട്ടലിൽ പാചകവാതക സിലിണ്ടർ കിട്ടാതായതോടെ പാചകം വിറകടുപ്പിലാക്കി. വാണിയംകുളം പഞ്ചായത്ത് ജനകീയ ഹോട്ടലിലാണ് പുറത്ത് അടുപ്പുകൂട്ടി പാചകം തുടങ്ങിയത്. ഇപ്പോൾ ചോറും കറികളും മാത്രമാണ് ഉണ്ടാക്കുന്നത്. കുറച്ച് എണ്ണക്കടികളും ഉണ്ടാക്കും. ദോശ, ചപ്പാത്തി, പൊറോട്ട തുടങ്ങിയ പലഹാരങ്ങൾ തൽക്കാലം നിർത്തി. ചെലവ് കൂടുതലും വരുമാനം കുറവുമായി. ‘വിശപ്പ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്താണ് ജനകീയ ഹോട്ടലുകൾ തുറന്നത്. ഊണിന് 30 രൂപയും പാഴ്‌സലിന് 35 രൂപയും നിരക്കിലാണ് ഇപ്പോൾ ഭക്ഷണം നൽകുന്നത്. ഇതാണ് പ്രതിസന്ധിയിലാകുന്നത്. വിറകിന് അമിത വിലയാണ് ഈടാക്കുന്നത്. സമീപത്തെ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തുന്നവരും കൂട്ടിയിരിപ്പുകാരുമായി നിരവധി പേരാണ് ഹോട്ടലിനെ ആശ്രയിക്കുന്നത്. പാവപ്പെട്ടവരുടെ ഏക ആശ്രയമാണ് ഹോട്ടൽ. പാചകവാതകം ഇല്ലാതെ ഹോട്ടൽ പൂട്ടിയാൽ നിരവധി പേരാണ് ബുദ്ധിമുട്ടുക. അതുകൊണ്ട് അടുപ്പിൽനിന്ന് വരുന്ന ചൂടും പുകയും കാര്യമാക്കുന്നില്ലെന്ന് ഹോട്ടൽ ചുമതലയുള്ള ഒ ജയപ്രഭ പറഞ്ഞു.










0 comments