കേന്ദ്രത്തിന്റെ ദ്രോഹം; വീണ്ടും ‘വയറ്റത്തടി’

പാലക്കാട്
വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് നിരന്തരം വിലകൂട്ടി കേന്ദ്രസർക്കാർ വയറ്റത്തടിക്കുകയാണെന്ന് ജില്ലയിലെ ഹോട്ടലുടമകളും തൊഴിലാളികളും. പാചകവാതക ക്ഷാമത്തിൽനിന്ന് കരകയറി വരുമ്പോഴാണ് ഇരുട്ടടി. പാചകവാതക ക്ഷാമംകാരണം ഭക്ഷണസാധനങ്ങൾ ചുരുക്കി വിലകൂട്ടിയിരുന്നു. ഇനിയും, അത് തുടർന്നാൽ ഹോട്ടലുകൾ പൂട്ടേണ്ടി വരുമെന്ന് ഉടമകൾ പറയുന്നു. കേന്ദ്രം വില കൂട്ടുമെന്ന സൂചന കിട്ടിയതിനുപിന്നാലെ നേരത്തെതന്നെ കമ്പനികൾ വിതരണം നിയന്ത്രിച്ച് ഹോട്ടലുകാരെ പ്രതിസന്ധിയിലാക്കിയിരുന്നു. കഞ്ചിക്കോട് കിൻഫ്രയിലുള്ള ഭാരത് ഗ്യാസിന്റെയും ചടയൻകലായിലുള്ള എച്ച്പി ഗ്യാസ് ബോട്ടിലിങ് പ്ലാന്റിൽനിന്നും ഏജൻസികൾക്ക് ചെറിയ ലോഡുകൾ മാത്രമാണ് നൽകിയിരുന്നത്. കച്ചവടം ഉഷാറാകുന്ന തെരഞ്ഞെടുപ്പ് കാലത്ത് ഷട്ടറുകൾ താഴ്‌ത്തിയിടേണ്ടി വന്ന ഗതികേടിലാണ് ഹോട്ടലുടമകൾ. ഇനിയും കടകൾ അടച്ചിടുന്നത് ജീവനക്കാരെയും ക്ലീനിങ് തൊഴിലാളികളെയും പട്ടിണിയിലാക്കും. വായ്‌പാ തിരിച്ചടവുകളും ദൈനംദിന ചെലവുകളും മുടങ്ങിയതോടെ പലരും മറ്റുജോലികൾ തേടിപ്പോകാൻ നിർബന്ധിതരായി. കാന്റീനുകളുടെയും മെസുകളുടെയും സ്ഥിതിയും സമാനമാണ്.










0 comments